വാഷിംഗ്ടൺ: വെനസ്വേലയുമായുള്ള വ്യോമാതിർത്തി ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യോമാതിർത്തി ഇന്നുതന്നെ തുറക്കുമെന്നും അമേരിക്കക്കാർക്ക് വെനസ്വേല ഉടൻ സന്ദർശിക്കാമെന്നും ട്രംപ് അറിയിച്ചു. വ്യോമാതിർത്തി തുറക്കാനായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയോടും യുഎസ് സൈനിക ഉദ്യോഗസ്ഥരോടും നിർദേശിച്ചതായും ട്രംപ് അറിയിച്ചു.
വ്യോമാതിർത്തി തുറക്കുന്നത് സംബന്ധിച്ച് വെനസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ അറിയിച്ചതായും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പറക്കും. നിക്കോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് എത്തിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് വ്യോമാതിർത്തി അടച്ചത്.
വെനസ്വേലയിലെ അമേരിക്കൻ നയതന്ത്ര പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാക്കാനും ട്രംപ് ഒരുങ്ങുന്നുണ്ട്. അടച്ചുപൂട്ടിയ യുഎസ് എംബസി തുറക്കാനായുള്ള നടപടികളിലേക്ക് കടന്നതായി ട്രംപ് ഭരണകൂടം അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുത്ത നയതന്ത്ര പ്രവർത്തനങ്ങൾക്കായി താത്കാലിക ജീവനക്കാരുടെ ഒരു സംഘത്തെ അയക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞിരുന്നു.
ഡിസംബർ 3നാണ് വെനസ്വെലയിലേക്ക് കടന്നുകയറി അമേരിക്കൻ സേന നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയത്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്റ്റ ഫോഴ്സ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. പിന്നാലെ ഇരുവരെയും യുഎസിലേക്ക് കൊണ്ടുവന്നിരുന്നു. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്.