വാഷിങ്ടണ്‍: ബഹിരാകാശ യാത്രിക സുനിതാ വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നാണ് സുനിത പടിയിറങ്ങുന്നത്. നാസയാണ് സുനിത വിരമിച്ച വിവരം അറിയിച്ചത്. ഡിസംബറില്‍ വിരമിച്ചെങ്കിലും ഇപ്പോഴാണ് നാസ സുനിതയുടെ വിരമിക്കല്‍ വിവരം പുറത്തറിയിച്ചത്.
മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ബഹിരാകാശത്ത് സുനിത ചെലവഴിച്ചു. ഒരു നാസ ബഹിരാകാശ സഞ്ചാരി ബഹിരാകാശത്ത് ചെലവഴിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സമയമാണിത്. 60 വയസായതിന് പിന്നാലെയാണ് സുനിത വിരമിച്ചത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡും സുനിത കരസ്ഥമാക്കി. ഒമ്പത് തവണകളിലായി 62 മണിക്കൂറാണ് സുനിത ബഹിരാകാശത്ത് നടന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് സുനിത ഔദ്യോഗികമായി പടിയിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സുനിത വില്യംസ് 1983-ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നാവികസേനയില്‍ നിന്ന് ബഹിരാകാശയാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ ഭാഗമാക്കി. 1998ല്‍ നാസയില്‍ തെരഞ്ഞെടുക്കപ്പെട്ട സുനിത 2006-ലാണ് തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തിയത്.
2024ല്‍ സഹ യാത്രികനായ ബുച്ച് വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനറിന്റെ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം. ഒടുവില്‍ സ്പേസ് എക്സിന്റെ പേടകത്തിലാണ് സുനിതയും സംഘവും മാര്‍ച്ച് 19നായിരുന്നു ഭൂമിയിലേയ്ക്ക് മടങ്ങിയത്.
സുനിതാ വില്യംസ് ഇന്ത്യന്‍ വംശജയായ സുനിത 1965 സെപ്റ്റംബര്‍ 19നാണ് ജനിച്ചത്. ഗുജറാത്തിലെ മെഹ്സാനയില്‍നിന്ന് 1957ലാണ് സുനിതാ വില്യംസിന്റെ പിതാവ് ദീപക് പാണ്ഡ്യ യുഎസിലേക്ക് കുടിയേറിയത്. മസാച്ചുസെറ്റ്സിലെ നീധാം ഹൈസ്കൂളില്‍ നിന്നും 1983ല്‍ സുനിത സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭൗതികശാസ്ത്രത്തിലെ താല്പര്യത്തെ തുടര്‍ന്ന് യുഎസ് നേവല്‍ അക്കാദമിയില്‍ നിന്നും 1987ല്‍ ഫിസിക്സ് ബിരുദം നേടി. 1995ല്‍ ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനീയറിംങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
Content Highlights: NASA astronaut Sunita Williams has retired after 27 years of distinguished service