ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ -11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം

പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്‌പേസ് എക്‌സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ 3.30ന് ബഹിരാകാശനിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ ഇറങ്ങും. ഓസ്‌ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം.

നാല് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ ഒരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ ഇവാക്യൂവേഷൻ നടത്തുന്നത്. എന്നാൽ സ്വകാര്യത മാനിച്ച് ക്രൂവിലെ ആർക്കാണ് ആരോഗ്യ പ്രശ്‌നമുള്ളതെന്നും രോഗം എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്. 165 ദിവസമാണ് സംഘം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് സംഘത്തിന്‍റെ മടക്കം.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്‌പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.

ദൗത്യം പൂർത്തിയാക്കി അടുത്ത മാസം തിരിച്ചുവരേണ്ടിയിരുന്ന സംഘത്തെ ബഹിരാകാശയാത്രികന്‍റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് തിരിച്ചെത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. സംഘാംഗത്തിന്റെ ആരോഗ്യ പ്രശ്‌നം കാരണം കഴിഞ്ഞ ആഴ്ച ക്രൂവിന്റെ ബഹിരാകാശ നടത്തവും റദ്ദാക്കിയിരുന്നു. ഓഗസ്റ്റിലാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചതോടെ ബഹിരാകാശ നിലയത്തിൽ നാസയുടെ ക്രിസറ്റഫർ വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ് ഉണ്ടാകുക.

Content Highlights: nasa space station medical evacuation; space x crew dragon capsule land today at earth

To advertise here,contact us