വാഷിങ്ടണ്: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭക്കാരോട് പ്രക്ഷോഭം തുടരാന് ആഹ്വാനം ചെയ്ത് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. പ്രക്ഷോഭത്തെ അടിച്ചമര്ത്തുന്ന ഇറാനിലെ ഉദ്യോഗസ്ഥര് വളരെ വലിയ വില നല്കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. പ്രക്ഷോഭത്തില് എത്ര പേര് മരിച്ചെന്നതില് കൃത്യമായ കണക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്ത്തു.
ഇറാന് വിജയിക്കണമെന്നും തനിക്ക് വിജയിക്കുന്നതാണ് ഇഷ്ടമെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനും 2020ല് ഇറാനിലെ ജനറല് ഖസ്സീം സൊലൈമാനിയുടെ കൊലപാതകത്തിനും തുല്യമായ വിജയമാണ് താന് ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്ത്തു. 'ഇറാനില് പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ കണ്ടിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിഷേധക്കാരെ തൂക്കിലേറ്റുകയാണെങ്കില് കടുത്ത നടപടികള് സ്വീകരിക്കും', ട്രംപ് പറഞ്ഞു.
വെനസ്വേലയില് സ്വീകരിച്ച അതേ നടപടി അമേരിക്ക ഇറാനിലും സ്വീകരിക്കാന് സാധ്യതയുണ്ടെന്ന് മുന് അമേരിക്കന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന് മാര്ക് കിമ്മിറ്റും വ്യക്തമാക്കി. 'ഇനി ഇത് ഒരു ഭൂമി കയ്യേറ്റമാകുമോ? ഒരിക്കലുമില്ല. ജൂണ് 12ന് നടന്ന യുദ്ധം പോലെയുമാകില്ല. പക്ഷേ അദ്ദേഹം (ട്രംപ്) എന്താണോ ചെയ്യാന് പോകുന്നത് അത് നമ്മെ അത്ഭുതപ്പെടുത്തും', കിമ്മിറ്റ് അന്താരാഷ്ട മാധ്യമമായ അല് ജസീറയോട് പറഞ്ഞു. ഇറാനില് ഒരു ഭരണകൂട മാറ്റത്തിനായിരിക്കില്ല ട്രംപ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
എന്നാല് ഇറാനിലെ പ്രക്ഷോഭത്തില് അമേരിക്കന് സൈനിക ഇടപെടലല്ല മറുപടിയെന്ന് യു എസ് സെനറ്റര് ബെര്ണി സാന്ഡേര്സ് പറഞ്ഞു. നേരത്തെ ഈ ഓപ്പറേഷന് പരാജയപ്പെട്ടതാണെന്നും ഇനിയും അത് പരാജയപ്പെട്ടേക്കാമെന്നും ബെര്ണി പറഞ്ഞു. ഇറാനിലെ സാധാരണക്കാരോടാപ്പമാണ് അമേരിക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഇറാനിലെ സര്ക്കാര് ഉടന് വീഴുമെന്ന് ജര്മന് ചാന്സലര് ഫ്രെഡറിക് മെര്സ് പറഞ്ഞു. ഇറാന് ഭരണകൂടത്തിന്റെ അവസാന ആഴ്ചകളോ ദിവസങ്ങളോ ആണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അക്രമത്തിലൂടെ മാത്രം നയിക്കപ്പെടുന്ന ഒരു ഭരണകൂടം പെട്ടെന്ന് അവസാനിക്കും. ഈ ഭരണകൂടത്തിന്റെ അവസാന നാളുകളാണ് നാം കാണുന്നതെന്നാണ് ഞാന് കരുതുന്നത്', ഫ്രെഡറിക് പറഞ്ഞു. ഇറാന് നേതൃത്വത്തിന് ഇനി നിയമപരമായ സാധുതയില്ലെന്നും അശാന്തി അവസാനിപ്പിക്കാന് സമാധാനപരമായ ഒരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സന്ദര്ശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: US President Donald Trump has publicly urged Iranian protesters to continue their demonstrations