ഒട്ടാവ: പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾക്കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനായ ഇന്ത്യക്കാരനെ കാനഡ നാടുകടത്തും. ഇയാൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ആജീവനാന്തകാല വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ സന്ദർശന വിസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ജഗ്ജിത്ത് സിങെന്ന ആൾക്കെതിരെയാണ് കാനഡ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ സർനിയയിലുള്ള പ്രാദേശിക ഹൈസ്ക്കൂളിലെ രണ്ടു പെൺകുട്ടികളെ കടന്നുപിടിക്കുകയും അവരോട് മയക്കുമരുന്നിനെയും മദ്യത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം. മാത്രമല്ല പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താനും ഇവരെ പിന്തുടരാനും ഇയാൾ മുതിർന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കാനഡയിലെത്തിയ ശേഷം സാര്നിയയിലെ പ്രാദേശിക ഹൈസ്ക്കൂളിന് പുറത്തായുള്ള സ്മോക്കിങ് ഏരിയയിലെ സ്ഥിരം സന്ദര്ശകനായിരുന്നു സിങ്. ഇവിടെ വെച്ചാണ് പെണ്ക്കുട്ടികളെ ഇയാള് ഉപദ്രവിച്ചത്. പെൺകുട്ടികളുടെ ഇടയിൽ കയറി ഇരിക്കുകയും ഇവരെ സ്പർശിക്കുകയും ചെയ്ത സിങിനെ ഇരുവരും ചേർന്ന് തള്ളി മാറ്റുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്പെൺകുട്ടികളുടെ പരാതിയെ തുടർന്ന് സിങിനെ ഇക്കഴിഞ്ഞ സെപ്തംബർ 16ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. പിന്നാലെ അതേദിവസം തന്നെ മറ്റൊരു പരാതിയിൽ വീണ്ടും അറസ്റ്റിലായി. എന്നാൽ താൻ ലൈംഗികാത്രികമം നടത്തിയില്ലെന്ന വാദമാണ് സിങ് ഉയർത്തിയത്. പിന്നാലെ കേസ് പരിഗണിച്ച കോടതി ഇയാളുടെ പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഒപ്പം സ്വന്തം പേരക്കുട്ടി ഒഴികെ പതിനാറ് വയസിന് താഴെയുള്ള ഒരു കുട്ടികളോടും സംസാരിക്കാനോ അവരുമായി സഹകരിക്കാനോ പാടില്ലെന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്.
ഡിസംബർ 30 വരെ കാനഡയിൽ തുടരാനുള്ള വിസ ഇയാൾക്കുണ്ടെങ്കിലും അതിന് മുമ്പ് തന്നെ ഇയാളെ നാടുകടത്തണമെന്ന കർശന നിർദേശമാണ് കോടതി നൽകിയത്. സെപ്തംബർ 8നും 11നും ഇടയിലാണ് കേസിനാസ്പദമാണ് സംഭവങ്ങൾ ഉണ്ടായത്.
Content Highlights: Canada to deport 51 year old Indian man who sexually assaulted school girls