ഗാസയില്‍ തുടരുന്ന ഇസ്രയേൽ ആക്രമണം;28പേർ കൊല്ലപ്പെട്ടു,സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള കനത്തആക്രമണം

ഒക്ടോബര്‍ 10ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

സമാധാനകരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഏകദേശം 77 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഖാന്‍ യൂനിസിന്റെ സമീപമുള്ള അല്‍ മവാസി പ്രദേശത്തെ മൂന്ന് കേന്ദ്രങ്ങളാണ് പ്രധാനമായും ഇസ്രയേല്‍ ലക്ഷ്യം വെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 10ന് ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. എന്നാല്‍ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇസ്രയേലിനെതിരെയുള്ള ഏത് ഭീഷണിയും ഇല്ലാതാക്കാന്‍ സൈന്യം പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തെന്ന വാദം ഹമാസ് തള്ളിക്കളഞ്ഞു. ഗാസയിലെ അവരുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിനുള്ള ദുര്‍ബലവും സുതാര്യവുമായ ശ്രമമാണിതെന്ന് ഹമാസ് പറഞ്ഞു. യുദ്ധക്കുറ്റവാളിയായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വംശഹത്യ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതായും ഹമാസ് പറയുന്നു. ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണ പരമ്പരയ്ക്കിടയിലാണ് ഇന്നലെ ഗാസയിലും കനത്ത ആക്രമണങ്ങള്‍ നടത്തിയത്.

Content Highlights: Israel attack in Gaza 28 killed

To advertise here,contact us