പാക്-അഫ്ഗാന്‍ സംഘര്‍ഷം; 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണ

ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിര്‍ത്തലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ഇസ്‌ലാമാബാദ്: പാക്-അഫ്ഗാന്‍ സംഘര്‍ഷത്തില്‍ 48 മണിക്കൂര്‍ താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണ. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ആറ് മുതലാണ് വെടിനിര്‍ത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിര്‍ത്തലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. നേരത്തെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖത്തറിന്റെയും സൗദിയുടെയും സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്താന്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്ന് നടന്ന വെടിവെപ്പില്‍ 20 താലിബാന്‍ സൈനികരെ വധിച്ചതായി പാക് സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. അഫ്ഗാന്‍ പ്രകോപനം സൃഷ്ടിച്ചെന്നും തിരിച്ചടിച്ചെന്നുമായിരുന്നു പാകിസ്താന്‍ പറഞ്ഞത്. അതേസമയം പാകിസ്താന്റെ ആക്രമണത്തില്‍ പന്ത്രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ പറഞ്ഞിരുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍ അറിയിച്ചിരുന്നു. ഏത് പാക് വെല്ലുവിളിയും നേരിടാന്‍ സജ്ജരായി സൈനികര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന് പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ 23 പാക് സേന അംഗങ്ങളും കൊല്ലപ്പെട്ടതായി പാകിസ്താന്‍ വ്യക്തമാക്കി. എന്നാല്‍ നേരത്തെ 58 പാക് സേന അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നായിരുന്നു അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചത്. ഇതിന് പിന്നാലെയാണ് പാക് സൈന്യം കണക്കുകള്‍ പുറത്തുവിട്ടത്. അഫ്ഗാനിസ്താന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും തങ്ങള്‍ പിടിച്ചടക്കിയെന്നും പാകിസ്താന്‍ അവകാശവാദമുന്നയിച്ചിരുന്നു.

Content Highlights- Pakistan, Afghanistan agree to temporary, 48-hour ceasefire

To advertise here,contact us