'യഹിയ സിന്‍വാറിന്റെ മൃതദേഹം വിട്ടുനല്‍കണം; മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണം'; ആവശ്യവുമായി ഹമാസ്

കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്

കെയ്‌റോ: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കൂടുതൽ ആവശ്യങ്ങൾ ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ മൃതദേഹങ്ങള്‍ വിട്ടുനൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

യുദ്ധത്തിനിടെ ഇസ്രയേൽ കൊലപ്പെടുത്തിയ ഹമാസ് നേതാവ് യഹിയ സിൻവാറിന്റെയും മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ വിട്ടുനൽകാൻ ഹമാസ് ആവശ്യപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ പലസ്തീനിയന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതിയെ മോചിപ്പിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മോചിപ്പിക്കേണ്ട ഇസ്രയേലി ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും പേരുകളുടെ പട്ടിക കൈമാറിയതായി ഹമാസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 നിർദ്ദേശങ്ങളിൽ ഈജിപ്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഹമാസ് വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദി കൈമാറ്റ കരാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ഗാസ യുദ്ധം അവസാനിപ്പിച്ചാല്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവയ്ക്കാനുള്ള സാധ്യത വ്യക്തമാക്കി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലത്തി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ ചര്‍ച്ചകള്‍ ശുഭകരമായി അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പാക്കാനും സ്ഥിരമായ വെടിനിര്‍ത്തലിനും രേഖാമൂലം സമ്മതം അറിയിക്കണമെന്ന ആവശ്യവും ഖത്തര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 29ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തുമെന്നും ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. മറുപടി നല്‍കാന്‍ ഹമാസിന് നാല് ദിവസത്തെ സാവകാശമായിരുന്നു ട്രംപ് നല്‍കിയത്. ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. ചില കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച വേണമെന്നായിരുന്നു ഹമാസ് അറിയിച്ചത്.

Content Highlight: Hamas demanding bodies of Yahya, Muhammad Sinwar

To advertise here,contact us