ന്യൂയോര്ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില് പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കടന്നാക്രമിച്ച് ഇന്ത്യ. ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവല്ക്കരിക്കുന്നതായി ഇന്ത്യന് നയതന്ത്രജ്ഞ പെറ്റല് ഗെഹലോത്ത് വിമര്ശിച്ചു.
'മിസ്റ്റര് പ്രസിഡന്റ്, പാക്കിസ്ഥാന് പ്രധാനമന്ത്രിയില് നിന്ന് ഇന്ന് രാവിലെ മുതല് അസംബന്ധമായ നാടകങ്ങള്ക്കാണ് ഈ സഭ സാക്ഷ്യം വഹിക്കുന്നത്. വീണ്ടും തീവ്രവാദത്തെ മഹത്വവല്ക്കരിക്കുകയാണ്. എന്നാല് നാടകമോ കള്ളമോ കൊണ്ട് വസ്തുതകളെ മറയ്ക്കാന് സാധിക്കില്ല' പെറ്റല് ഗെഹ്ലോട്ട് പറഞ്ഞു. ഭീകരവാദം പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാണെന്നും പഹല്ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റസിസ്റ്റന്റ് ഫ്രണ്ടിനെ പ്രതിരോധിച്ച അതേ പാക്കിസ്ഥാനാണ് ഇതെന്നും ഗെഹ്ലോട്ട് കടന്നാക്രമിച്ചു.
തീവ്രവാദികളെ സംരക്ഷിക്കുന്നതിലെ പാക്കിസ്ഥാന്റെ റെക്കോര്ഡും ഇന്ത്യന് നയതന്ത്രജ്ഞ ചൂണ്ടിക്കാട്ടി. ഒസാമ ബിന് ലാദന് അഭയം നല്കിയതിനെയും ഗഹ്ലോത്ത് സൂചിപ്പിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുന്നതിലും ദീര്ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാക്കിസ്ഥാന്. ഭീകരതയ്ക്കെതിരായ യുദ്ധത്തില് പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിന്ലാദന് ഒരുപതിറ്റാണ്ട് അഭയം നല്കിയ രാജ്യമാണെന്ന് ഓര്ക്കണമെന്നും അവര് പറഞ്ഞു.
പഹല്ഗാം ഭീകരാക്രമണത്തിനെ ഇന്ത്യ നല്കിയ മറുപടിയെക്കുറിച്ചും ഗെഹ്ലോത്ത് സൂചിപ്പിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക സിവിലിയന് ഉദ്യോഗസ്ഥര് മഹത്വവല്കരിക്കുകയും ആദരാജ്ഞലികള് അര്പ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താല്പര്യം എന്തെന്ന് മനസ്സിലാക്കി തരുന്നതാണെന്നും ഗഹ്ലോത്ത് പറഞ്ഞു.
Content Highlights: Islamabad glorifying terrorism India slams Pak PM over his UN speech