ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രയേലിൻ്റെ നടപടിയെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും രൂക്ഷമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രി വിമർശിച്ചത്. ഇസ്രയേലിൻ്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഇത്തരമൊരു നടപടിയിൽ ഞങ്ങൾ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങളെ വഞ്ചിച്ചു' എന്നായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഗാസയിൽ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയിട്ടുണ്ടെ'ന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. 'ഇന്റർനാഷണൽ ക്രിമിനൽ കോടതി അല്ലെങ്കിൽ ഐസിസി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരാൾ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു' എന്ന രൂക്ഷവിമർശനമാണ് ഷെയ്ഖ് മുഹമ്മദ് ഉന്നയിച്ചത്.
ഗാസയിലെ ഇസ്രയേൽ നടപടികളുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേലിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനൊപ്പം നെതന്യാഹുവിനെതിരെ ഇന്റർനാഷണൽ ക്രിമിനൽ കോടതി ചുമത്തിയിട്ടുണ്ട്.
ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന നെതന്യാഹുവിൻ്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദിൻ്റെ പ്രതികരണം. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിൻ്റെ ഭീഷണി. 'ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കാരണം നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. വെടിനിർത്തൽ ധാരണ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം പരിഗണിക്കാതെയാണ് ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
ഇതിന് പിന്നാലെ നെതന്യാഹുവിൻ്റെ പ്രസ്താവനയെ ഖത്തർ അപലപിച്ചിരുന്നു. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവനയോടുള്ള ഖത്തർ വിദേശകാര്യ മന്ത്രാലത്തിൻ്റെ പ്രതികരണം. ഹമാസിൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന അമേരിക്കയും ഇസ്രയേലും അഭ്യർത്ഥിച്ചത് പ്രകാരമുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് എന്ന് നെതന്യാഹുവിന് പൂർണ്ണമായും അറിയാമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായും ഹമാസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായി ഹമാസ് വ്യക്തമാക്കിയിരുന്നു. ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.
വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയന്നതായിട്ടായിരുന്നു റിപ്പോർട്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കമുള്ള മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്.
Content Highlights: Qatari Prime Minister Sheikh Mohammed described Israel’s attack on Doha as state terror