'ഗാസ നിവാസികളോട്, നിങ്ങള്‍ ഉടന്‍ ഒഴിയണം'; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നെതന്യാഹു, സൈന്യത്തെ വിന്യസിച്ചു

ഗാസ സിറ്റിയെ ഉടൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങളുമായി ഇസ്രയേല്‍

ജെറുസലേം: ഗാസ സിറ്റിയിൽനിന്നും ജനങ്ങളോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസസിറ്റിയിൽ ആക്രമണം നടത്താനുള്ള ഇസ്രയേൽ നീക്കത്തിന്റെ ഭാഗമായാണ് നെതന്യാഹുവിന്റെ പ്രഖ്യാപനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഗാസ നിവാസികളോട് ഞാൻ പറയുന്നു. ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തുകയാണ്. നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം. നിങ്ങൾ ഇപ്പോൾ തന്നെ അവിടം വിടണം. ഇതൊരു മുന്നറിയിപ്പാണ്' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഗാസ സിറ്റിയിൽ സൈന്യത്തെ വിന്യസിച്ചതായും നെതന്യാഹു പറഞ്ഞു.

ജെറുസലേമിൽ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ ഗാസ സിറ്റിയെ ഉടൻ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് വിവരം.

ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറോളം പേരാണ് മരിച്ചത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.‌ നെതന്യാഹു വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ അക്രമകാരികളുടെ നടപടികളെ അഭിനന്ദിക്കുന്നതായാണ് ഹമാസ് പ്രസ്താവന ഇറക്കിയത്. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളോടുള്ള സ്വഭാവിക പ്രതികരണമെന്നാണ് ഹമാസ് വെടിവെയ്പ്പിനെ വിശേഷിപ്പിച്ചത്. പ്രാദേശിക സമയം രാവിലെ 10.15നായിരുന്നു രമോട്ട് ജം​ഗ്ഷന് സമീപം ബസ് കാത്ത് നിന്നവർക്ക് നേരെ രണ്ടുപേർ വെടിയുതിർത്തത്. കൊല്ലപ്പെട്ട അക്രമകാരികളുടെ കൈയിൽ നിന്നും സ്ഫോടക വസ്തുകളും കത്തിയും കണ്ടെത്തിയതായും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗാസ സിറ്റിയിൽ ഇന്ന് മാത്രം 32 പേരാണ് കൊല്ലപ്പെട്ടത്.

Content Highlights: Israel's Prime Minister Benjamin Netanyahu Warns Gaza City residents to leave now

To advertise here,contact us