ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലെന്ന് നെതന്യാഹു; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, മറുപടി പറയാതെ ഇസ്രയേല്‍

ഗാസയിൽ 60 ദിവസം വെടി നിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കയാണെന്ന് നെതന്യാഹു

തെൽ അവീവ്: ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്ന പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ ലക്ഷ്യമിട്ട് ഈജിപ്തും ഖത്തറും മുന്നോട്ടുവെക്കുന്ന കരാർ ഹമാസ് അംഗീകരിക്കുന്നുണ്ടെങ്കിലും അവർ കടുത്ത സമ്മർദ്ദത്തിലാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ കാണുന്നുണ്ട് അവയിൽ നിന്ന് ഒരുകാര്യം വ്യക്തമാണ് ഹമാസ് കടുത്ത സമ്മർദ്ദത്തിലാണ് എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

അതേസമയം ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ സർക്കാരും സൈന്യവുമെന്ന് പറഞ്ഞ നെതന്യാഹു, സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ഗാസയിൽ 60 ദിവസം വെടി നിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കയാണെന്നും നെതന്യാഹു വ്യക്തമാക്കി.

ഖത്തറും ഈജിപ്തും മധ്യസ്ഥരായി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശമാണ് ഹമാസിനുമുന്നിൽ വെച്ചത്. ഗാസയിൽ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ് കരാർ. രണ്ടുഘട്ടമായി തടവുകാരുടെ മോചനം, മനുഷ്യാവകാശ സഹായം വർധിപ്പിക്കുക, ഇസ്രയേൽ 200 ഓളം പലസ്തീൻ തടവുകാരെ വിട്ടുകൊടുക്കൽ എന്നിവയും കരാറില്‍ ഉൾപ്പെടും. മധ്യസ്ഥർ അവതരിപ്പിച്ച പുതിയ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബാസെം നയിം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. താൽക്കാലിക വെടിനിർത്തൽ തീരുന്ന മുറയ്ക്ക് ശാശ്വത യുദ്ധവിരാമ ചർച്ചകൾ നടക്കുമെന്നും നിലവിൽ മുന്നോട്ട് വെച്ച കരാർ നേരത്തെ യുഎസ് പ്രതിനിധി വിറ്റ്‌കോഫ് അവതരിപ്പിച്ചതിന് സമാനമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്നാണ് വിവരം.

എന്നാൽ ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ് മധ്യസ്ഥ രാജ്യങ്ങൾ. കരാറിനായി ഇസ്രയേലിൽ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62000 കവിഞ്ഞു. 2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിന് ശേഷം 62004 പേർ കൊല്ലപ്പെട്ടതായും 156230 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlights: Benjamin Netanyahu has claimed that Hamas is Under great Pressure

To advertise here,contact us