റഷ്യൻ എണ്ണയിൽ നിന്ന് ലാഭം കൊയ്യുന്നു; റിലയൻസ് അടക്കമുള്ള സ്വകാര്യ റിഫൈനറികളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമർശനം

ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ചിലത് 16 ബില്യൺ ഡോളർ അധിക ലാഭം നേടിയിട്ടുണ്ടെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിൻ

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയിലെ സ്വകാര്യ റിഫൈനറികളെ ലക്ഷ്യമിട്ട് അമേരിക്കയുടെ വിമർശനം. ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണയിൽ നിന്ന് ലാഭം കൊയ്യുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനാണ് വിമർശനം ഉന്നയിച്ചത്. സിഎൻബിസിയോടായിരുന്നു സ്കോട്ട് ബെസെൻ്റിൻ്റെ പ്രതികരണം. ഡിസ്കൗണ്ടോടെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുകയും അത് ഇന്ധനമാക്കി മാറ്റുകയും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്പിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഈ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയാണെന്നും സ്കോട്ട് ബെസെൻ്റിൻ കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ചിലത് 16 ബില്യൺ ഡോളർ അധിക ലാഭം നേടിയിട്ടുണ്ട്. അവർ ലാഭക്കൊതി തീർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സ്വകാര്യ റിഫൈനറിമാരെ ലക്ഷ്യമിട്ടാണ് അമേരിക്കൻ വിമർശനം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ് യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച ഇന്ധന കയറ്റുമതിയുടെ വലിയൊരു പങ്കും കയ്യാളുന്നത്. ഈ രണ്ട് സ്വകാര്യ റിഫൈനറികളും 2024-25 സാമ്പത്തിക വർഷത്തിൽ 60 ബില്യൺ ഡോളർ മൂല്യമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്നാണ് ബ്ലൂംബെർഗിന്റെയും കെപ്ലറിന്റെയും ഡാറ്റകൾ പറയുന്നത്.

റഷ്യയുടെ റോസ്‌നെഫ്റ്റുമായി പ്രതിദിനം 500,000 ബാരൽ വരെ ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവർഷം 15 ബില്യൺ ഡോളറോളം വരുന്ന 10 വർഷത്തേക്കുള്ള ഒരു ദീർഘകാല കരാറിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് 2024 ഡിസംബറിൽ ഒപ്പുവെച്ചിരുന്നു. 2025 ആയപ്പോഴേയ്ക്കും നയാരയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 72% റഷ്യയിൽ നിന്നാണ്. 2022 ൽ ഇത് 27% ആയിരുന്നു എന്നാണ് കെപ്ലർ പറയുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഈ രണ്ട് സ്വകാര്യ റിഫൈനറികളുടെയും കയറ്റുമതിയിലും വലിയ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്. 2025ന്റെ ആദ്യ പകുതിയിൽ ഏകദേശം 3 ദശലക്ഷം മെട്രിക് ടൺ ഇന്ധനമാണ് നയാര കയറ്റുമതി ചെയ്തത്. ഇവരുടെ മൊത്തം ഉൽപ്പാദനത്തിന്റെ ഏകദേശം 30 ശതമാനമാണ് ഇതെന്നാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ റിലയൻസ് 21 ദശലക്ഷം ടണ്ണിലധികം ഇന്ധനമാണ് കയറ്റുമതി ചെയ്തത്.

ഇതിനിടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിലും ഇക്കാലയളവിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശത്തിനുശേഷം ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ഇന്ത്യ പ്രതിദിനം 68,000 ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് വാങ്ങിയിരുന്നതെന്നാണ് കെപ്ലർ ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നത്. 2023 മെയ് മാസത്തിൽ ഇത് പ്രതിദിനം 2.15 ദശലക്ഷം ബാരലായി ഉയർന്നു. 2025 ജൂലൈയിൽ പ്രതിദിനം 1.78 ദശലക്ഷം ബാരലിൻ്റെ സ്ഥിരതയിലേയ്ക്ക് ഇത് മാറി. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം 36 ശതമാനം ഇപ്പോൾ റഷ്യയാണ് വിതരണം ചെയ്യുന്നത്. സംഘർഷത്തിന് മുമ്പ് ഇത് 0.2 ശതമാനം മാത്രമായിരുന്നു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) തുടങ്ങിയ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള റിഫൈനറികളും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഈ കമ്പനികൾ പ്രധാനമായും ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനാണ് റഷ്യൻ എണ്ണ വാങ്ങുന്നത്. എന്നാൽ സ്വകാര്യ റിഫൈനറികൾ ഇവ പെട്രോളിയം ഉത്പന്നങ്ങളാക്കി മാറ്റിയതിന് ശേഷം യൂറോപ്പിലേയ്ക്ക് അടക്കം കയറ്റുമതി ചെയ്യുകയാണ്.

നേരത്തെ റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നതിൻ്റെ പേരിൽ അമേരിക്ക ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയിരുന്നു. 25 ശതമാനം അധിക തീരുവയാണ് ഇന്ത്യക്കെതിരെ ചുമത്തിയത്. നേരത്തെ 25 ശതമാനം വ്യാപാര തീരുവ ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയിരുന്നു. പുതിയ തീരുമാനത്തോടെ 50 ശതമാനം വ്യാപാര തീരുവയാണ് ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. അലാസ്കയിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സ്വകാര്യ റിഫൈനറികൾക്കെതിരെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ രം​ഗത്ത് വന്നിരിക്കുന്നത്.

Content Highlights: America accuses Indian refiners of profiteering from discounted Russian crude

To advertise here,contact us