ലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട: ട്രംപിനെതിരെ വിമർശനവുമായി ബ്രസീലിയൻ പ്രസിഡൻ്റ്

അമേരിക്കയുടെ സൗഹൃദരാജ്യങ്ങളായ ദക്ഷിണകൊറിയയും ജപ്പാനും ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് മേൽ കഴിഞ്ഞ ദിവസം ട്രംപ് ഉയർന്ന താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ലുല ഡസിൽവയുടെ പ്രതികരണം

റിയോ ഡി ജനീറോ: ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട എന്ന രൂക്ഷവിമർശനവും ലുല ഡ സിൽവ ട്രംപിനെതിരെ ഉയർത്തി. ആഗോള സമ്പദ്‌വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമാണ് ബ്രിക്സ്. അതുകൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നത് എന്ന് താൻ കരുതുന്നു എന്നുമായിരുന്നു ലുല ഡ സിൽവയുടെ പ്രതികരണം.

ലോകത്തിന് യുഎസ് ഡോളറിന് പുറമെ മറ്റ് വ്യാപാര മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് ലുല തിങ്കളാഴ്ച പറഞ്ഞിരുന്നു. നമ്മുടെ വ്യാപാര ബന്ധങ്ങൾ ഡോളറിലൂടെ കടന്നുപോകേണ്ടതില്ലാത്ത ഒരു മാർഗം ലോകം കണ്ടെത്തേണ്ടതുണ്ട്. അത് ശ്രദ്ധാപൂർവ്വം ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ഉത്തരവാദിത്തമുള്ളവരായിരിക്കണം. നമ്മുടെ കേന്ദ്ര ബാങ്കുകൾ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ഇത് ചർച്ച ചെയ്യേണ്ടതുണ്ട്. ഏകീകരിക്കുന്നതുവരെ ക്രമേണ സംഭവിക്കുന്ന ഒന്നാണത് എന്നും ബ്രസീലിയൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ സൗഹൃദരാജ്യങ്ങളായ ദക്ഷിണകൊറിയയും ജപ്പാനും ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് മേൽ കഴിഞ്ഞ ദിവസം ട്രംപ് ഉയർന്ന താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ലുല ഡ സിൽവയുടെ പ്രതികരണം. ഇതിനിടെ ശ്രദ്ധാപൂ‍ർവ്വമായിരുന്നു വിഷയത്തിൽ ബ്രിക്സ് അം​ഗങ്ങളുടെ പ്രതികരണം. മറ്റൊരു ശക്തിയുമായും മത്സരിക്കാൻ ബ്രിക്സ് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുടെ പ്രതികരണം. യുഎസുമായി ഭാവിയിൽ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന പ്രത്യാശയും ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് പ്രകടിപ്പിച്ചു.

താരിഫുകൾ നിർബന്ധത്തിനും സമ്മർദ്ദത്തിനുമുള്ള ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നായിരുന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങിൻ്റെ പ്രതികരണം. ബ്രിക്സ് വിജയ-വിജയ സഹകരണം എന്നതിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഒരു രാജ്യത്തെയും ലക്ഷ്യമിടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബ്രിക്സിലെ റഷ്യയുടെ സഹകരണം പൊതു ലോക വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ക്രെംലിൻ വക്താവിൻ്റെ പ്രതികരണം. എന്നാൽ അമേരിക്കയുടെ താരിഫ് ഭീഷണികളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എല്ലാ ബ്രിക്സ് രാജ്യങ്ങൾക്കും ഉടനടി 10% തീരുവ ചുമത്താൻ യുഎസ് ഭരണകൂടം പദ്ധതിയിടുന്നില്ലെന്ന് നേരത്തെ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏതെങ്കിലും രാജ്യങ്ങൾ അമേരിക്കൻ വിരുദ്ധ നടപടികൾ സ്വീകരിച്ചാൽ യുഎസ് നടപടിയടുത്തേക്കുമെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കിയിരുന്നു. ആഗോള വ്യാപാരത്തിൽ യുഎസ് ഡോളറിന്റെ പങ്കിനെ വെല്ലുവിളിച്ചാൽ 100% തീരുവ നേരിടേണ്ടിവരുമെന്ന് ഈ വർഷം ആദ്യം ട്രംപ് ബ്രിക്സ് ഗ്രൂപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു.

പരസ്പര താരിഫ് വിവരം അറിയിച്ചുകൊണ്ട് വിവിധ വ്യാപാര പങ്കാളികൾക്ക് അമേരിക്കൻ ഭരണകൂടം അയച്ച കത്തുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിലൂടെ പുറത്ത് വിട്ടിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25% താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന് വെളിപ്പെടുത്തുന്ന രണ്ട് കത്തുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആദ്യം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾക്കുള്ള താരിഫ് സംബന്ധിച്ച കത്തുകളും അമേരിക്കൻ പ്രസിഡൻ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. താരിഫ് നിരക്ക് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള കത്തുകളും താമസിയാതെ ട്രംപ് ഭരണകൂടം പുറത്തിറക്കിയേക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്.

Content Highlights: Brazil's Lula da Silva rejects Trump's tariff threats on Brics nations

To advertise here,contact us