വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ യുഎസ് കോൺഗ്രസ് പാസ്സാക്കി. 214നെതിരെ 218 വോട്ടിനാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. നേരത്തെ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ ടൈബ്രേക്ക് വോട്ടിൽ അമേരിക്കൻ സെനറ്റിൽ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സായിരുന്നു. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭയിൽ നേരിയ വ്യത്യാസത്തിലാണ് ബിൽ പാസായത്. ഇതിനിടെ രണ്ട് റിപ്പബ്ലിക്കൻ പ്രതിനിധികൾ ബില്ലിനെതിരെ ജനപ്രതിനി സഭയിൽ ഡമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. കെൻ്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധികൾ തോമസ് മാസിയും പെൻസിൽവാനിയയിൽ നിന്നുള്ള ബ്രയാൻ ഫിറ്റ്സ്പാട്രിക്കുമായിരുന്നു ട്രംപിൻ്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ വോട്ട് ചെയ്തത്. ഇരു സഭകളും പാസാക്കിയ ബിൽ പ്രസിഡൻ്റ് ഒപ്പിടുന്നതോടെ നിയമമാകും. ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പിടുമെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടുണ്ട്.
ചരിത്രപരമായ നേട്ടം എന്നായിരുന്നു ബിൽ യുഎസ് കോൺഗ്രസിൽ പാസായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഇതുവരെ അമേരിക്കൻ പ്രസിഡൻ്റുമാർ ഒപ്പിട്ടതിൽ വെച്ച് ഈ നിലയിലുള്ള ബില്ലുകളിൽ ഏറ്റവും വലുത് എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഇത് രാജ്യത്തിന് കുതിപ്പേകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
VICTORY: The One Big Beautiful Bill Passes U.S. Congress, Heads to President Trump’s Desk 🇺🇸🎉 pic.twitter.com/d1nbOlL21G
ബിഗ് ബ്യൂട്ടിഫുൾ ബിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒപ്പുവെയ്ക്കുമെന്ന് ബിൽ പാസ്സായതിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും ബിൽ പാസ്സായതിൽ സന്തോഷം അറിയിച്ച് രംഗത്ത് വന്നു.
Congrats to everyone. At times I even doubted we’d get it done by July 4!But now we’ve delivered big tax cuts and the resources necessary to secure the border. Promises made, promises kept!
സൈന്യത്തിനും അതിര്ത്തി സുരക്ഷയ്ക്കും കൂടുതല് തുക അനുവദിക്കുന്ന ബില് കൂട്ട നാടുകടത്തല് പദ്ധതിയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മെഡികെയ്ഡ് ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയില് 1.2 ട്രില്യണ് ഡോളര് വരെ വെട്ടിക്കുറയ്ക്കാന് ബില് നിര്ദേശിക്കുന്നുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികള് വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില് 3 ട്രില്യണ് ഡോളര് കൂട്ടിച്ചേര്ക്കാനും ഉദ്ദേശിച്ചുളള ബില്ലാണ് അമേരിക്കൻ കോൺഗ്രസും അംഗീകരിച്ചിരിക്കുന്നത്. ഡെമോക്രാറ്റ് അംഗങ്ങളില് നിന്നും ശക്തമായ എതിര്പ്പ് ഉണ്ടായിരുന്നിട്ടും നേരിയ ഭൂരിപക്ഷത്തിൽ ബിൽ സെനറ്റിലും ജനപ്രതിനിധി സഭയിലും പാസ്സാക്കാൻ ട്രംപിന് സാധിച്ചത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഡോജ് മേധാവിയായിരുന്ന മസ്കും ട്രംപും തമ്മിൽ അകലുന്നതിനും വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നതിനും കാരണമായത് ബിഗ് ബ്യൂട്ടിഫുൾ ബില്ലായിരുന്നു.
ബിൽ പാസായാൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് നേരത്തെ ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രാറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്ദിക്കാനാകൂ എന്നുമായിരുന്നു മസ്കിൻ്റെ പ്രതികരണം. മസ്കിൻ്റെ പ്രതികരണത്തിനെതിരെ ട്രംപും രംഗത്തെത്തിയിരുന്നു. സർക്കാർ സബ്സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മറ്റാർക്ക് ലഭിക്കുന്നതിനേക്കാളും കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Trump's 'One Big Beautiful Bill' clears US Congress in major win for President