'ഞങ്ങളുടെ കൈകൾ ശുദ്ധമാണ്, ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണി': ബിലാവൽ ഭൂട്ടോ

'സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല'

ന്യൂഡൽഹി: ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. ഇന്ത്യൻ ആക്രമണം പാകിസ്താൻറെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.

നേരത്തെ, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധുവിൽ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഇന്ത്യ ബിലാവൽ ഭൂട്ടോയുടെ എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.

സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാകിസ്താന് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവൽ പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. ഈ ബന്ധം കാരണം പാകിസ്താൻ ഏറെ അനുഭവിച്ചെന്നും ബിലാവൽ പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യ- പാക് സംഘർഷ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ കര നാവിക വ്യോമ സേനകൾ സജ്ജമാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുളളത്.

ഓപ്പറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്. കൂടുതൽ ഭീകര ക്യാംപുകൾ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താൻ പ്രകോപനം തുടർന്നാൽ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവിൽ വന്ന പ്രസ്താവന. തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്രസർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയുളള സാഹചര്യം വിലയിരുത്താന്‍ സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം പുലർച്ചെ 1.05 മുതൽ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാകിസ്താനിലെ ഭവൽപൂർ, മുറിട്‌കെ, സിലാൽകോട്ട്, കോട്‌ലി, ഭിംബീർ, ടെഹ്‌റകലാൻ, മുസഫറബാദ് എന്നിവിടങ്ങളിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. 

Content Highlights: Pakistan's Bilawal Bhutto against India

To advertise here,contact us