ജയിച്ചു കയറുമോ അങ്ങ് അയര്‍ലന്‍ഡില്‍ പാലാ സ്വദേശിനി മഞ്ജു ദേവി?

ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്‌സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

കൊച്ചി: അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം പാലാ പൈക വിളക്കുമാടം സ്വദേശിനി മഞ്ജു ദേവി. നവംബര്‍ 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഫിനഫാള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മഞ്ജു. ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയിലെ നഴ്‌സ് ആയ മഞ്ജു ഫിംഗാല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മിനിസ്റ്റര്‍ ഡാറാഗ് ഒ. ബ്രെയാന്‍ ടി. ഡിക്കൊപ്പമാണ് പ്രവര്‍ത്തനം.

രാജസ്ഥാനില്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 2000ലാണ് മഞ്ജു സൗദിയിലെത്തിയത്. നാലുവര്‍ഷം റിയാദില്‍ കിങ് ഫൈസല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചു. 2005ല്‍ ഭര്‍ത്താവ് ശ്യം മോഹനോടൊപ്പം അയര്‍ലന്‍ഡിലെത്തിയ മഞ്ജു ഡബ്ലിനിലെ മേറ്റര്‍ ആശുപത്രിയില്‍ നഴ്‌സായി ചേര്‍ന്നു.

ഇന്ത്യന്‍ കരസേനയില്‍ സുബേദാര്‍ മേജര്‍ ആയിരുന്ന കെ.എം.ബി. ആചാരി-കെ. രാധാമണി ദമ്പതികളുടെ മകളാണ് മഞ്ജു. അയര്‍ലന്‍ഡിലെ പ്രസിദ്ധ ക്രിക്കറ്റ് ക്ലബ്ബായ ഫിന്‍ഗ്ലാസ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ ശ്യാം മോഹന്‍ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.

Content Highlight: malayali manju devi candidate in ireland general election 2024

To advertise here,contact us