ബാങ്കോക്ക്: ബാങ്കോക്കിലെ ആഡംബര മാളിൽ വെടിവെപ്പ്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ പതിനാലു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. ബാങ്കോക്കിലെ സിയാം പാരഗൺ മാളിലാണ് സംഭവം.
വെടിവെപ്പ് നടന്നയുടനെ ആളുകൾ മാളിന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി ശ്രേത്ത തവിസിൻ അപലപിച്ചു. 'സിയാം പാരാഗണിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് അറിഞ്ഞു. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊതു സുരക്ഷയെക്കുറിച്ചാണ് ഞാൻ ഏറ്റവും ആശങ്കപ്പെടുന്നത്,' ശ്രേത്ത തവിസിൻ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
തായ്ലാന്ഡില് വെടിവെപ്പ് സാധാരണയായിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥൻ നഴ്സറിയിൽ പഠിക്കുകയായിരുന്ന 22 കുട്ടികളെ വെടിവെച്ചുകൊന്നത്. 2020 ൽ തായ് നഗരമായ നഖോൺ റാച്ചസിമയിൽ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊന്നിരുന്നു. 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക