National

തെലങ്കാന രൂപീകരണ പ്രക്ഷോഭത്തിനിടെയുണ്ടായ മരണങ്ങൾ, ക്ഷമാപണം നടത്തി പി ചിദംബരം;കോണ്‍ഗ്രസ് നീക്കം സജീവം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: തെലങ്കാന സംസ്ഥാനത്തിനായുളള പ്രക്ഷോഭത്തിനിടെയുണ്ടായ മരണങ്ങളിൽ മാപ്പ് പറഞ്ഞ് അക്കാലത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുളള ജനങ്ങളുടെ പ്രക്ഷോഭത്തിൽ കുറച്ചു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതിൽ ഖേദിക്കുന്നു. എന്നാൽ അന്നത്തെ കേന്ദ്ര സർക്കാരിന് അതിന് ഉത്തരവാദിയാക്കാൻ കഴിയില്ലെന്നും പി ചിദംബരം പറഞ്ഞു. തെലങ്കാന രൂപീകരണം കോൺഗ്രസ് വൈകിപ്പിച്ചെന്നും ഇത് ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കിയെന്നുമുളള ബിആർഎസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ പരാമർശത്തിന് പിന്നാലെയായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം.

2009 ഡിസംബർ ഒമ്പതിന് അർദ്ധ രാത്രിയാണ് തെലങ്കാന രൂപീകരിക്കുന്നതിനുളള നടപടികൾ ആരംഭിക്കുമെന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാർ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഇപ്പോഴത്തെ ക്ഷമാപണം ഈ ഘട്ടത്തില്‍ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭത്തിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും പ്രിയങ്കയുമെല്ലാം വിവിധ സമയങ്ങളിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

പ്രത്യേക സംസ്ഥാന പദവിക്കായി 2009 നവംബർ 29 മുതൽ കെസിആർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഡിസംബർ ഒമ്പതിന് യുപിഎ സർക്കാർ സംസ്ഥാന രൂപീകരണത്തിന് പച്ചക്കൊടി വീശി. ഡിസംബർ ഒമ്പത് സോണിയ ​ഗാന്ധിയുടെ ജന്മദിനമാണെന്നും പുതിയ സംസ്ഥാന രൂപീകരണം ജനങ്ങൾക്കുളള അവരു‌ടെ സമ്മാനമാണെന്നുമാണ് അന്ന് പി ചിദംബരം പറഞ്ഞത്.

യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന തെലങ്കാന രൂപീകരണത്തിന്റെ ക്രെഡിറ്റ് നേടാനാണ് ചിദംബരത്തിന്റെ കൂടി ക്ഷമാപണത്തിലൂടെ കോൺ​ഗ്രസിന്റെ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. സംസ്ഥാന രൂപീകരണത്തിനായുളള പ്രക്ഷോഭത്തിൽ മുമ്പിൽ നിന്ന കെസിആറും ബിആർഎസുമാണ് അതിൽനിന്നുണ്ടായ രാഷ്ട്രീയ നേട്ടം ഇതുവരെ നേടിയെടുത്തത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തെലങ്കാന വിഷയമാണ് മുന്നിൽ നിൽക്കുന്നത്. ജൂണിൽ കെസിആർ തന്റെ സർക്കാർ നിർമ്മിച്ച 179 കോടി രൂപയുടെ തെലങ്കാന രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്തിരുന്നു. സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും രക്തസാക്ഷികളുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും ചന്ദ്രശേഖർ റാവു വാഗ്ദാനം ചെയ്തിരുന്നു.

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

SCROLL FOR NEXT