ഗഗൻയാൻ ഉടൻ? അമ്പരപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ, മനുഷ്യനെ ബഹിരാകാശത്തെത്തിക്കും; ഇന്ത്യ വമ്പൻ ശക്തിയാകും

ഐഎസ്ആർഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ LVM3 റോക്കറ്റാണ് ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്.

ബെംഗളൂരു: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഐഎസ്ആര്ഒ വിക്ഷേപിക്കുമെന്ന് സൂചന. ഐഎസ്ആർഒയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്ത്താ ഏജന്സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും ഇത് എന്നും റിപ്പോര്ട്ടില് പറയുന്നു. ഐഎസ്ആർഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ LVM3 റോക്കറ്റാണ് ഗഗൻയാൻ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തീരുമാനിച്ചിരിക്കുന്നത്.

ടെസ്റ്റ് വെഹിക്കിൾ മിഷൻ TV-D1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിൾ മിഷൻ TV-D2 ഗഗൻയാനിന്റെ ആദ്യത്തെ അൺക്രൂഡ് ദൗത്യം (എൽവിഎം3-ജി1) എന്നിവ പിന്നാലെ വിക്ഷേപിക്കും. പരീക്ഷണ വാഹന ദൗത്യങ്ങളുടെ രണ്ടാം ശ്രേണിയും (TV-D3, D4) റോബോട്ടിക് പേലോഡോടുകൂടിയ LVM3-G2 ദൗത്യവുമാണ് അടുത്ത ഘട്ടത്തില് ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ പേടക വിക്ഷേപണത്തിന്റെയും അൺക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ക്രൂ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു. ക്രൂ എസ്കേപ്പ് സംവിധാനം പരീക്ഷിക്കുക എന്നതിനാണ് ഇപ്പോഴത്തെ പരിഗണന.

അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടക്കും. രണ്ടോ മൂന്നോ അംഗങ്ങളുള്ള ഒരു സംഘത്തെ ഭൂമിക്ക് ചുറ്റുമുള്ള 400 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് ഒന്നോ മൂന്നോ ദിവസത്തെ ദൗത്യത്തിനായി കൊണ്ടുപോകാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ പ്രാപ്തി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ആർ ഹട്ടൺ അന്താരാഷ്ട്ര ബഹിരാകാശ സമ്മേളനത്തിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

To advertise here,contact us