യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പ് ക്രമക്കേട്; വിവരങ്ങൾ ലഭ്യമാക്കാൻ ഗൂഗിളിൻ്റെ സഹായം തേടി പൊലീസ്

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോട് ഡാറ്റ ഹാജരാക്കാൻ പൊലീസ് ആവശ്യം. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടിക ഉൾപ്പെടെ ലഭ്യമാക്കാനും നിർദ്ദേശം

icon
dot image

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന പരാതിയിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോട് ഡാറ്റ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടിക ഉൾപ്പെടെ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.

വ്യാജ തിരിച്ചറിയൽ കാർഡ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഗൂഗിളിൻ്റെ സഹായവും തേടിയിട്ടുണ്ട്. സിആർ കാർഡ് ആപ്പിന്റെ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പൊലീസ് ജുവൈസ് മുഹമ്മദിന്റെ മൊഴി എടുക്കും. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തുക. നേരത്തെ ജുവൈസിൻ്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു. തൻ്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കി എന്നായിരുന്നു പരാതി

നേരത്തെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മെറ്റയുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചിരുന്നു. സിആർ കാർഡ് ആപ്പിന്റെ ഉറവിടം കണ്ടെത്താനാണ് മെറ്റയുടെ സഹായം തേടാൻ തീരുമാനിച്ചിരുന്നത്. കോടതി വഴിയാണ് മെറ്റയുടെ സഹായം ആവശ്യപ്പെടുക. ഇതിനായുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. വാട്സാപ്പ് ഡാറ്റ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ പരാതിക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിയായിരുന്നു സുരേന്ദ്രൻ മൊഴി നൽകിയത്. ഡിസിപി നിതിൻ രാജ് ആണ് സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയത്.

ഷാഫി പറമ്പിലും കർണാടകയിലെ മന്ത്രി എൻ എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹാരിസും ചേർന്നാണ് ആപ്പ് ഉപയോഗിച്ച് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കർണാടക നിയമസഭ തിരഞ്ഞെടുപ്പിലും ഈ വ്യാജ കാർഡുകൾ ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മാണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us