കരിങ്കൊടിക്കാരെ ആക്രമിച്ചില്ല; ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്; മുഖ്യമന്ത്രി

'പ്രതിഷേധത്തെ എതിർക്കുന്നില്ല. പക്ഷേ ഓടുന്ന വണ്ടിക്ക് മുന്നിലേക്ക് ചാടി വീഴുന്നത് പ്രതിഷേധമല്ല. അത് ആക്രമണോത്സുകതയാണ്'

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധം തുടർന്നാൽ കേരളം എങ്ങനെ കാണുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിനെ സ്നേഹിക്കുന്നവർ പ്രകോപനത്തിൽ വീഴരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രതിഷേധം കൊണ്ടൊന്നും ഇപ്പോള് കാണുന്നതിന് ഒന്നും ഒരു കുറവുമാണ്ടാകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കരിങ്കൊടി കാട്ടിയവർക്ക് നേരെ അക്രമം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അത് ഇനിയും തുടരണമെന്നും അത് മാതൃകാപരമായ കാര്യമാണെന്നും ചൂണ്ടിക്കാണിച്ചു. റബർ വിലയിടിവ് വിഷയത്തിൽ ഇടപെടണമെന്ന് ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടെന്നും യുഡിഎഫ് ബഹിഷ്കരിച്ചത് ശരിയായില്ലന്നും പാംപ്ലാനി പ്രഭാതഭക്ഷണ യോഗത്തിൽ പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സ് നാലാം ദിനത്തെ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

യാത്ര തുടങ്ങുന്ന മുൻപ് തന്നെ എതിർപ്പ് ഉയർന്നു വന്നു. അപവാദ പ്രചാരണത്തിന് വരെ തയാറായി. കൂടെ ബഹിഷ്കരണ ആഹ്വാനവും വരികയുണ്ടായി. ആളുകളെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു അത്. പരിപാടി ജനം സ്വീകരിക്കരുത് എന്നായിരുന്നു അവരുടെ ആഗ്രഹമെന്നും പ്രതിപക്ഷ നിലപാട് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നവകേരള സദസ്സിനെ അശ്ലീല സദസ്സ് എന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവിൻ്റെ പരാമർശത്തിന് എതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. അധിക്ഷേപിക്കുന്നത് ഞങ്ങളെയെല്ല, പങ്കെടുക്കുന്ന പതിനായിരങ്ങളെയാണ്. അശ്ലീല പരിപാടിക്കാണോ അവരൊക്കെ എത്തിച്ചേരുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘർഷാന്തരീക്ഷം ഉണ്ടന്ന് വരുത്തി പങ്കെടുക്കാൻ വരുന്ന നിഷ്പക്ഷമതികളെ തടയുകയാണ് ചെയ്യുന്നത്. തടയാൻ വരുന്നത് ഞങ്ങളെയാണ്. എത്ര കാലമായി ഇതൊക്കെ കാണുന്നതാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

വലിയ ജനപങ്കാളിത്തത്തോടെയാണ് സദസ്സ് നടക്കുന്നത്. ജനങ്ങൾ നവകേരള യാത്രയോടൊപ്പമാണ്. സാധാരണ ഇത്തരം കുത്സിത ശ്രമങ്ങൾ ഫലം കാണുമെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ ജനങ്ങൾ സർക്കാരിലുളള അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുകയാണ്. എൽഡിഎഫുകാർ മാത്രമല്ല സർക്കാരിനെ അംഗീകരിക്കുന്ന വലിയ വിഭാഗം സദസ്സിന് എത്തി. വല്ലാത്ത ആവേശം ജനങ്ങളിൽ കാണുന്നു. അത് കൂടിക്കൂടി വരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ജനങ്ങൾ മുന്നേറ്റം ഏറ്റെടുത്തിരിക്കുന്നു. അത് ചിലരെ അസ്വസ്ഥരാക്കുന്നു. എങ്ങനെ സംഘർഷഭരിതമാക്കാം എന്നാണ് അവർ നോക്കുന്നത്. പ്രതിഷേധത്തെ എതിർക്കുന്നില്ല. പക്ഷേ ഓടുന്ന വണ്ടിക്ക് മുന്നിലേക്ക് ചാടി വീഴുന്നത് പ്രതിഷേധമല്ല. അത് ആക്രമണോത്സുകതയാണ്. ചാടുന്നയാൾക്ക് അപകടമുണ്ടായാൽ അത് ഏതെല്ലാം തരത്തിലുള്ള പ്രചാരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങൾക്കുവേണ്ടിയുള്ള ജനകീയ സദസ്സുകൾ ആണ് നടത്തുന്നത് ഞങ്ങളല്ല ജനങ്ങൾ തന്നെയാണ് നടത്തുന്നത്. വീണ്ടുവിചാരം ഇല്ലാത്ത പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേരുന്നതല്ല. അത് അവസാനിപ്പിക്കണം. അതിൽ നിന്ന് പിന്തിരിയണം. തകർക്കാൻ നോക്കുന്ന ശക്തികളെ ജാഗ്രതയോടെ നോക്കി കാണണം. പ്രകോപനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ അതിൽ പെടാതിരിക്കാൻ എൽഡിഎഫിന് ഒപ്പം നിൽക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

മഞ്ചേശ്വരം പൈവെളിഗെയില് തുടങ്ങിയത് മുതല്, ഇന്നലെ യാത്ര ഇരിക്കൂറില് സമാപിക്കും വരെയുള്ള അനുഭവം നോക്കുക. ഒരു കേന്ദ്രത്തില് പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളില് മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങള് കാത്തു നില്ക്കുകയാണ്; അഭിവാദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങള് ഉള്പ്പെടുത്തി ലഭിച്ച പരാതികള് ഉപേക്ഷിക്കപ്പെട്ട നിലയില് എന്ന് വാര്ത്ത നല്കി. ലഭിച്ച കത്തുകള് കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയില് ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാര്ത്ത നല്കുകയാണ്. ലഭിക്കുന്ന പരാതികള്ക്കും നിവേദനങ്ങള്ക്കും രസീതും നല്കുന്നുണ്ട്. പൊതുജനങ്ങള്ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. എന്തു ചെയ്യാം ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങള് നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ നാലു മണ്ഡലങ്ങളില് നിന്നുമായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂരില് 2554, കല്യാശേരിയില് 2468, തളിപ്പറമ്പില് 2289, ഇരിക്കൂറില് 2496. എല്ലാ ഭേദങ്ങള്ക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങള് മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാര്ക്ക് സമീപിക്കാനാവാത്ത ഒന്നാണ് സര്ക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സര്ക്കാരിന്റെ നയം. അതിന്റെ മനോഹരമായ ആവിഷ്കാരമാണ് നവകേരള സദസ്സുകള് എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്ഷകരുടെയും തൊഴിലാളികളുടെയും ആശാ വര്ക്കര്മാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകര്മ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവര്ത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തില് ഉണ്ടാകുന്നത്.

ഓരോരുത്തര്ക്കും സ്വതന്ത്രമായ അഭിപ്രായങ്ങള് പ്രകടിപ്പിക്കാനും ആവശ്യങ്ങള് ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നില് ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയര്ത്തുകയാണ്. ഇന്നും നാളെയും കണ്ണൂര് ജില്ലയിലെ മണ്ഡലങ്ങളിലാണ് സദസ്സുകള് ചേരുന്നത്. നാളെ തലശ്ശേരിയില് മന്ത്രിസഭാ യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

To advertise here,contact us