'സര്ക്കാരില് സര്വത്ര അഴിമതി, മന്ത്രിമാര് ഒന്നും ചെയ്യുന്നില്ല'; രൂക്ഷവിമർശനവുമായി സിപിഐ

സര്ക്കാരിന്റേയും പാര്ട്ടിയുടെയും വസ്ത്രാക്ഷേപമാണ് നടക്കുന്നത്. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. ധര്മം സംരക്ഷിക്കാന് വിദുരരാകണം.

തിരുവനന്തപുരം: സര്ക്കാരില് സര്വത്ര അഴിമതിയെന്ന് സിപിഐ കൗൺസിലിൽ വിമര്ശനം. സര്ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണ്. കോര്പ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്ക്കാര് എന്നും വിമർശിച്ച കൗൺസിൽ യോഗം സിപിഐ മന്ത്രിമാർക്കെതിരെയും ആരോപണമുന്നയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത് പൗരപ്രമുഖരെയല്ല. മുന്നണിയെ ജയിപ്പിച്ചത് സാധാരണക്കാരാണ്. മന്ത്രിമാരുടെ ഓഫീസുകളില് ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളില് തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാര് ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്ന് റവന്യൂ, കൃഷി മന്ത്രിമാരെ പരാമർശിച്ച് വിമർശനം ഉയർന്നു. മന്ത്രിമാര് ഒന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ പ്രവര്ത്തിക്കുകയാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് വിമർശിച്ചു.

വസ്ത്രാക്ഷേപം നടക്കുമ്പോള് പാണ്ഡവരെ പോലെ ഇരിക്കരുത്. സിപിഐ വിദുരരായി മാറണം. സര്ക്കാരിന്റേയും പാര്ട്ടിയുടെയും വസ്ത്രാക്ഷേപമാണ് നടക്കുന്നത്. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. ധര്മം സംരക്ഷിക്കാന് വിദുരരാകണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അജിത് കൊളാടി അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us