എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ

ഈ മാസം നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടുത്ത മാസത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. 2024 മാർച്ച് നാല് മുതൽ 25 വരെയാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ നടക്കുക. മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 17 വരെയുള്ള തീയതികളിൽ നടക്കും. പരീക്ഷയുടെ ടൈംടേബിൾ തയ്യാറാക്കിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷകൾ 2024 ഫെബ്രുവരി 19 മുതൽ 23 വരെയുള്ള തീയതികളിൽ നടക്കും. ഐടി പരീക്ഷകൾ 2024 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്.

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയുള്ള തീയതികളിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ഈ വർഷത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. നിപ രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ മാസം പരീക്ഷ നടത്തുവാനാണ് പുതിയ തീരുമാനം. നിപാ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായിക മേള ഒക്ടോബർ 16 മുതൽ 20 വരെ നടത്തുവാനും തീരുമാനം ആയി. തൃശ്ശൂരിൽ വെച്ചാണ് കായിക മേള നടക്കുക. സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 11 എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് വെച്ചും നടത്തും. സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വെച്ചാണ് നടക്കുക. ജനുവരി നാല് മുതൽ എട്ട് വരെയാണ് സ്കൂൾ കലോത്സവം നടത്തുക.

To advertise here,contact us