Kerala

'ഷംസീറിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല'; മിത്ത് വിവാദം, ഡിജിപിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: മിത്ത് വിവാദത്തിൽ സുപ്രീം കോടതിയിൽ ഹർജി. ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിനാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സ്പീക്കർ എ എൻ ഷംസീറിനെതിരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം. നോയിഡ സ്വദേശിയാണ് ഹർജി നൽകിയത്. സനാതന ധർമ വിവാദത്തിൽ തമിഴ്നാട് ഡിജിപിക്കെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദത്തിന് വഴിവച്ചത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്. വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ശാസ്ത്രം എന്നാൽ ഗണപതിയും പുഷ്പക വിമാനവുമല്ല. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീർ പറ‌ഞ്ഞിരുന്നു.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി രം​ഗത്തെത്തിയിരുന്നു. വിശ്വാസികളെ സംഘടിപ്പിച്ച് പ്രതിഷേധ നാമജപ ഘോഷയാത്രയും നടത്തിയിരുന്നു. എന്നാൽ, തന്റെ നിലപാടിലുറച്ചുനിൽക്കുകയാണ് ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നാണ് ഷംസീറിന്റെ നിലപാട്.

തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശമാണ് സനാതന ധർമ വിവാദത്തിന് കാരണമായത്. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ് എന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആർ എൻ രവിക്ക് ബിജെപി കത്തയച്ചു. ഉത്തർപ്രദേശിൽനിന്നുള്ള സംഘപരിവാർ അനുയായി പരമഹംസ ആചാര്യ, ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതിനെയും വേർതിരിക്കുന്നതിനെയുമാണു ചോദ്യം ചെയ്തതെന്നും ഉദയനിധി വിശദീകരിച്ചു. ഭീഷണികൊണ്ടൊന്നും തളരില്ല. പ്രത്യാഘാതം നേരിടാൻ തയ്യാറാണ്. കോൺഗ്രസ് മുക്ത ഭാരതം എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി പറയുന്നതിന്റെ അർഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊല്ലണമെന്നല്ലോ എന്നും ഉദയനിധി പറഞ്ഞിരുന്നു.

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; പോളിങ് ശതമാനം 60 കടന്നു, കൂടുതൽ ബംഗാളിൽ

SCROLL FOR NEXT