പെപ് ഗ്വാര്‍ഡിയോള പരീക്ഷിച്ച് വിജയിച്ച ക്ലാസിക് ടിക്കി-ടാക്കയുടെ പരിഷ്കരിച്ച പതിപ്പായ ടിക്കി-ടാക്ക 2.0-യാണ് 2026 ലോകകപ്പില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ സമര്‍ഥമായി ഉപയോഗിക്കുന്നതെന്ന് നിസ്സംശയം പറയാം. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ കരുത്തും മിന്നല്‍ വേഗവും സമന്വയിപ്പിച്ച പവര്‍ ഫുട്ബോളിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാക്കി കളഞ്ഞു ലൂയിസ് ഫ്യൂന്റെയുടെ ടിക്കി-ടാക്ക 2.0.
ക്ലാസിക് ടിക്കി-ടാക്കയുടെ ബേസിക്സ് നിലനിര്‍ത്തി, ആവശ്യമുള്ളപ്പോള്‍ നേരിട്ടുള്ള ആക്രമണ ശൈലി സ്വീകരിക്കുന്ന കൂടുതല്‍ പ്രായോഗികമായ ഒരു സമീപനമാണ് ലൂയിസ് ഫ്യൂന്റെ ടിക്കി-ടാക്ക 2.0വിന്റെ സവിശേഷത.
ലമീന്‍ യമാലിനെപ്പോലെ അസാധാരണ ഡ്രിബ്ലിങ് മികവുള്ള താരത്തിന്റെ വ്യക്തിഗത മികവിനെക്കൂടി അഡാപ്റ്റ് ചെയ്തുകൊണ്ടാണ് ടിക്കി-ടാക്ക 2.0 ലൂയിസ് ഫ്യൂന്റെ പ്രായോഗികമാക്കിയിരിക്കുന്നത്. അനാവശ്യമായി പന്ത് കൈവശം വയ്ക്കുന്നതിനെക്കാള്‍, കളിയുടെ നിയന്ത്രണം നിലനിര്‍ത്തി കാര്യക്ഷമമായ ആക്രമണം നടത്തുക എന്നതാണ് ടിക്കി-ടാക്ക 2.0 മൈതാനത്ത് ലക്ഷ്യം വെയ്ക്കുന്നത്. സ്പാനിഷ് ഫുട്ബോളിന്റെ സൗന്ദര്യം ചോര്‍ത്തിക്കളഞ്ഞു എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നതാണ് ലൂയിസ് ഫ്യൂന്റെയുടെ പ്രായോഗിക സമീപനത്തോടെയുള്ള ടിക്കി-ടാക്ക 2.0 കേളീശൈലി.
പന്ത് നഷ്ടപ്പെട്ടാല്‍ മുഴുവന്‍ ടീമും ഒരുമിച്ച് മുന്നേറി എതിരാളിക്ക് സമയം നല്‍കാതെ പന്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുക എന്ന എതിരാളിയുടെ പകുതിയില്‍ നടപ്പാക്കുന്ന ക്ലാസിക് ടിക്കി-ടാക്കയുടെ ബേസിക്സ് സ്പെയിന് ഇന്ന് ഫ്രാന്‍സിനെതിരെ ഏറ്റവും ഫലപ്രദവും പ്രായോഗികവുമായി നടപ്പിലാക്കി. ഇതോടെയാണ് മധ്യനിരയില്‍ അസാമാന്യമായ ആധിപത്യം സ്പെയിന് കൈവന്നത്. അതോടെ മുന്നറ്റ നിരയിലേയ്ക്കുള്ള അസാമാന്യ കുതിപ്പും മിന്നല്‍ വേഗവും ഫ്രാന്‍സിന് നഷ്ടമായി. കളിയുടെ വേഗതയും താളവും നിയന്ത്രിക്കുക, എതിരാളിയെ ഓടിച്ചുക്ഷീണിപ്പിക്കുക, മൈതാനത്തെ ഇടങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ടിക്കി-ടാക്കയുടെ ബേസിക്സും സ്പെയിന് മെതാനത്ത് നടപ്പിലാക്കി.
ടിക്കി-ടാക്കയുടെ അടിസ്ഥാന ആശയത്തിന്റെ മികച്ച ഉദാഹരണമായിരുന്നു സ്പെയിന്റെ ആദ്യഗോള്‍. ചെറിയ പാസുകളും ചലനങ്ങളും ഉപയോഗിച്ച് എതിരാളിയുടെ പ്രതിരോധത്തെ സ്ഥാനം തെറ്റിക്കുക, തുടര്‍ന്ന് അത്തരത്തില്‍ തുറക്കപ്പെടുന്ന ഇടം പ്രയോജനപ്പെടുത്തുകയോ പ്രതിരോധക്കാരനെ പിഴവിലേക്ക് നയിക്കുകയോ ചെയ്യുക എന്ന ക്ലാസിക് ടിക്കി-ടാക്കയുടെ ബേസിക്സാണ് സ്പെയിന് ആദ്യ പെനാല്‍റ്റി സമ്മാനിച്ചത് (ആ പെനാല്‍ട്ടി നല്‍കേണ്ടിയിരുന്നോ എന്ന ചോദ്യം വളരെ പ്രസക്തമായി ഉയരുന്നു എന്നതിനെ തള്ളിക്കളയുന്നില്ല). 58-ാമത്തെ മിനിറ്റില്‍ പിറന്ന സ്പെയിന്റെ രണ്ടാമത്തെ ഗോളും ടിക്കി-ടാക്കയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്നതായിരുന്നു. റൈറ്റ് വിങ് ബാക്കായ പെഡ്രോ പോറോയും ഡാനി ഒല്‍മോയും തമ്മിലുള്ള അതിവേഗ വണ്‍-ടു നീക്കമാണ് ഫ്രാന്‍സിന്റെ പ്രതിരോധത്തെ പൂര്‍ണമായും തകര്‍ത്തത്. ഒടുവില്‍ പോറോ വളരെ ഈസിയായി പന്ത് വലയിലാക്കി. ചെറിയ പാസുകള്‍, കൃത്യമായ ഓഫ്-ദി-ബോള്‍ മൂവ്മെന്റ്, സമയോചിതമായ പൊസിഷനിങ് എന്നിവ ചേര്‍ന്ന ടിക്കി-ടാക്കയുടെ ഏറ്റവും മനോഹരമായ മാതൃകയായിരുന്നു ഈ ഗോള്‍. നീണ്ട പാസുകളോ സെറ്റ് പീസുകളോ ആവശ്യമില്ലാതെ ക്രമബദ്ധമായ കോമ്പിനേഷന്‍ ഫുട്ബോളിലൂടെ സ്പെയിന് ഗോള്‍ സൃഷ്ടിച്ച മനോഹര കാഴ്ച.
കിലിയന്‍ എംബാപ്പെ, ഉസ്മാന് ഡെംബലെ, മൈക്കല്‍ ഒലിസെ, ഡിസയര്‍ ഡൂവെ എന്നിവര്‍ ഉള്‍പ്പെട്ട ഫ്രാന്‍സിന്റെ വേഗതയും കരുത്തും നിറഞ്ഞ ആക്രമണനിരയെ സ്പെയിന്റെ ടിക്കി-ടാക്ക 2.0 അക്ഷരാര്‍ഥത്തില്‍ നിരായുധരാക്കി. സ്പെയിന്റെ കൃതതയോടെയുള്ള പ്രെസ്സിങ്ങും കൃത്യമായ പൊസിഷനിങ്ങും കാരണം ഫ്രാന്‍സിന് വേഗത്തിലുള്ള പ്രത്യാക്രമണങ്ങള്‍ നടത്താന്‍ പോലും കഴിഞ്ഞില്ല. കോര്‍ണറുകള്‍ കൂടുതല്‍ ലഭിച്ചെങ്കിലും കൃത്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഫ്രാന്‍സിന് സാധിക്കാതിരുന്നത് സ്പെയിന്റെ കേളീതന്ത്രത്തിന്റെ മികവായി തന്നെ കാണണം.
സ്പാനിഷ് ഫുട്ബോളിന്റെ സുവര്‍ണ കാലത്തെ അടയാളപ്പെടുത്തുന്ന ടിക്കി-ടാക്ക മികവ് അന്യം നിന്നിട്ടില്ലെന്ന് സ്പെയിന് അടിവരയിട്ട മത്സരം കൂടിയായി 2026 ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരം മാറുന്നുണ്ട്. 2008 മുതല്‍ 2012 വരെയുള്ള സ്പെയിന്റെ ലോകഫുട്ബോളിലെ സുവര്‍ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ടിക്കി-ടാക്കയിലൂടെയാണ്. ബാഴ്സലോണയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് ടിക്കി-ടാക്കയെന്ന ഫുട്ബോള്‍ ജ്യോമട്രി അവതരിപ്പിച്ചത്. സാവി ഹെര്‍ണാണ്ടസ്, ആന്‍ഡ്രസ് ഇനിയസ്റ്റ, ലയണല്‍ മെസ്സി, സെര്‍ഹിയോ ബുസ്കെറ്റ്സ് എന്നിവര്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടിക്കി-ടാക്കയുമായി ബാഴ്സലേണയ്ക്കായി മൈതാനത്ത് നിറഞ്ഞാടി.
2008 മുതല്‍ 2012വരെയുള്ള കാലത്ത് സ്പെയ്ന്‍ ദേശീയ ടീമും ടിക്കി-ടാക്കയുടെ മികവുമായി ലോകഫുട്ബോളിനെ ഭരിച്ചു. 2008, 2012 യൂറോ കപ്പ് കിരീട നേട്ടങ്ങളിലും 2010ലെ ലോകകപ്പ് കിരീട നേട്ടത്തിലും സ്പെയിന് കരുത്തായത് ടിക്കി-ടാക്കയെന്ന കളത്തിലെ തന്ത്രമായിരുന്നു. ടിക്കി-ടാക്കയുടെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് യോഹാന്‍ ക്രൈഫിന്റെ നെതര്‍ലന്‍ഡ്സിന്റെ 'ടോട്ടല്‍ ഫുട്ബോള്‍' എന്ന കേളീതന്ത്രത്തിലാണ്. എന്നാല്‍ അതിനെ ആധുനിക ഫുട്ബോളിന് അനുഭവവേദ്യമാക്കിയത് പെപ് ഗ്വാര്‍ഡിയോള എന്ന ബാഴസലോണയുടെ കോച്ചാണ്.
എന്തായാലും കാലാനുസൃതമായി പരിണമിച്ചിരിക്കുന്ന ടിക്ക-ടാക്കയാണ് 2026ല്‍ സ്പെയിനിന്റെ കരുത്ത്. കൂടുതല്‍ വേഗതയോടെയും കൂടുതല്‍ നേരിട്ടുള്ള ആക്രമണങ്ങളോടെയും കൂടുതല്‍ കാര്യക്ഷമതയോടെയും കളിക്കുന്ന ഒന്നായി ടിക്കി-ടാക്ക 2.0വിനെ ലോകം നോക്കി കണ്ട് തുടങ്ങി. ലോക ഫുട്ബോളിലെ ഏറ്റവും ശക്തമായ തന്ത്രങ്ങളിലൊന്നായി വീണ്ടും ടിക്കി-ടാക്ക മാറുന്ന ചിത്രമാണ് 2026 സമ്മാനിക്കുന്നത്.
2022-ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് മടങ്ങുമ്പോള്‍ ആധുനിക ഫുട്ബോളിന്റെ ഗെയിം പ്ലാനുകളില്‍ വന്ന മാറ്റങ്ങള്‍ കോച്ച് ലൂയിസ് എന്റിക്വ അറിഞ്ഞിട്ടില്ലേയെന്നായിരുന്നു ചോദ്യങ്ങള്‍. എന്തായാലും ഇത്തവണ സ്പെയിന് ലോകകപ്പില്‍ നിന്ന് മടങ്ങുമ്പോള്‍ ലോകം സംസാരിക്കുക ലൂയിസ് ഡി ലാ ഫ്യൂന്റെ ടിക്കി-ടാക്ക 2.0വിനെക്കുറിച്ചാവും എന്നതില്‍ സംശയമില്ല.
content highlights: Tiki-Taka 2.0 laid the foundation for Spain's victory