ഈ സാല കപ്പും നംദു; രാജാവിന് വേണം ഒരു കിരീട തൂവൽ കൂടി; RCB ഫുൾ സെറ്റ്

17 സീസണുകളിലെ നഷ്ടബോധം മുഴുവൻ തീ‌ർത്താണ് കഴിഞ്ഞ തവണ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയത്

17 സീസണുകളിലെ നഷ്ടബോധം മുഴുവൻ തീ‌ർത്താണ് കഴിഞ്ഞ തവണ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തങ്ങളുടെ കന്നി ഐപിഎൽ കിരീടം നേടിയത്. കളിയുടെ സർവ മേഖലകളിലും മേധാവിത്ത്വം ഉറപ്പാക്കിയുള്ള വിജയം വിമർശകരുടെ വാ അടപ്പിക്കുന്നതായിരുന്നു. കിരീടം നിലനി‍ർത്താൻ ഉറച്ച് കരുത്തുറ്റ നിരയുമായാണ് വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ഇത്തവണത്തെ പടപുറപ്പാട്. പ്രമുഖരെയെല്ലാം നിലനി‍ർത്തിയപ്പോൾ കരുത്ത് കൂട്ടുന്ന പുതിയ താരങ്ങളെയും ടീമിലെത്തിക്കാനായി. ആദ്യ കിരീടം നേടി കൊടുത്ത രജത് പടിദാ‍‌‍ർ തന്നെ ഇത്തവണയും ടീമിനെ നയിക്കും‌‌‌.

കരുത്തരെ നിലനി‌ർത്തി പഴുതടച്ച് കരുത്തുറപ്പിച്ച്

കപ്പടിച്ച ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ആർസിബി വീണ്ടുമെത്തുന്നത്. ഫൈനൽ കളിച്ച പതിനൊന്നിൽ 9 താരങ്ങളും ഇത്തവണയും ടീമിലുണ്ട്. ഫിൽ സാൾട്ട്, ജിതേഷ് ശ‍ർമ, ടിം ഡേവിഡ്, ജേക്കബ് ബെഥെൽ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, ഭുവനേശ് കുമാ‍ർ എന്നിങ്ങനെ പ്രമുഖരെയെല്ലാം നിലനിർത്തി.

മായങ്ക് അ​​ഗർവാൾ, ലുങ്കി എൻ​ഗിഡി, ലിയാം ലിവിങ്സ്റ്റൺ എന്നിവരെ ഒഴിവാക്കി. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറെ ടീമിലെത്തിച്ചതാണ് നേട്ടം. ലേലത്തിൽ 5.2 കോടി രൂപയ്ക്ക‍് പുതുമുഖമായ മധ്യപ്രദേശ് ഓൾ റൗണ്ട‍ർ മങ്കേഷ് യാദവിനെ ടീമിലെത്തിച്ചതും ശ്രദ്ധേയമാണ്. 140 കിലോമീറ്റ‍റിലേറെ വേ​ഗതയിൽ ബോളെറിയാനും അവസാന ഓവറുകളിൽ കൂറ്റനടിക്കും പോന്ന യാദവിനെ കൂടാരത്തിലെത്തിച്ചത് ടീമിന്റെ കരുത്ത് കൂട്ടുന്നു. ന്യൂസിലാൻഡ് പേസർ ജേക്കബ് ഡഫി, ഇം​ഗ്ലണ്ട് വിക്കറ്റ് കീപ്പ‍ർ ജോ‍ർദാൻ കോക്സ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരേയൊരു രാജാവ്

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള എല്ലാ സീസണുകളിലും ഒരേ ടീമിനായി കളിച്ച ഒരേയൊരു താരമാണ് വിരാട് കോഹ്ലി. ആർസിബിക്കായി 267 മത്സരങ്ങളിൽ കളിച്ച കോഹ്ലി 8661 റൺസാണ് അടിച്ചു കൂട്ടിയത്. 8 സെഞ്ചുറികളും 63 അ‍ർധ സെഞ്ചുറികളും കോഹ്ലിയുടെ ബാറ്റിൽ നിന്നു പിറന്നു. 2 സീസണുകളിൽ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 17 സീസണുകളിൽ ടീമിനായി പ്രതീക്ഷ കൈവിടാതെ പൊരുതിയ കോലിയെ തേടി പതിനെട്ടാം സീസണിൽ കിരീടമെത്തി. 657 റൺസുമായി കിരീട നേട്ടത്തിൽ നി‌ർണായക പങ്കുവഹിക്കാനും കോഹ്ലിക്കായി. ഇതോടെ കിരീടമില്ലാതെ വിരമിക്കുകയെന്ന നിരാശയിൽ നിന്നും കോഹ്ലി രക്ഷപ്പെട്ടു. ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു ഐപിഎൽ കിരീടം കൂടി ചേർത്തു വയ്ക്കാൻ ഉറച്ചാകും കോഹ്ലി ഇത്തവണ കളത്തിലിറങ്ങുക.

കരുത്തായി ഓൾറൗണ്ടർമാ‍ർ

ഒരേ സമയം ക്ലാസും മാസും ചേ‍ർന്ന വിരാട് കോഹ്ലി-ഫിൽ സാൾട്ട് ഓപ്പണിങ് സഖ്യമാണ് ടീമിന്റെ കരുത്ത്. പവർപ്ലേകളിൽ വിക്കറ്റ് പോകാതെ റൺറേറ്റ് ഉയ‍ർത്താൻ ഇരുവർക്കുമായാൽ അനായാസം വമ്പൻ സ്കോറുകളിലേക്കെത്താൻ ആർസിബിക്കാകും. ക്യാപ്റ്റൻ രജത് പടിതാ‍റും ദേവ്ദത്ത് പടിക്കലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലാണ്. ഒരേ സമയം ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങാനാകുന്ന വെങ്കിടേഷ് അയ്യ‍രുടെ വരവ് ടീമിന്റെ കരുത്ത് കൂട്ടുന്നു. ജിതേഷ് ശ‍ർമ, ടിം ഡേവിഡ്, ജേക്കബ് ബെഥെൽ, റൊമേരിയോ ഷെഫേ‍ർഡ് ഉൾപ്പെടെ ഫിനിഷർമാർ അവസാന ഓവറുകളിൽ ചിന്നസ്വാമിക്ക് തീപിടിപ്പിക്കും.

ഇം​ഗ്ലിഷ് ഓൾറൗണ്ട‍ർ ജേക്കബ് ബെഥലാണ് ശ്രദ്ധിക്കേണ്ട മറ്റൊരു താരം. ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ 48 പന്തിൽ 105 റൺസാണ് ബെഥെൽ അടിച്ചുകൂട്ടിയത്. ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും യാഷ് ദയാലും അടങ്ങുന്ന പേസ് നിര കരുത്തുറ്റതാണ്. മീഡിയം പേസറായ വെങ്കിടേഷ് അയ്യർ കൂടി ടീമിലെത്തിയത് ബൗളിങ്ങിന്റെ മൂർച്ച കൂട്ടും. മങ്കേഷ് യാദവിനും അവസരം ലഭിച്ചേക്കും. ക്രുണാൽ പാണ്ഡ്യയും സുയാഷ് ശർമ്മയ്ക്കും ഉൾപ്പെടുന്നതാണ് സ്പിൻ നിര. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ കിരീടം നേടിയ രജത് പടിദാറിന്റെ നായക മികവും ടീമിനു പ്രതീക്ഷ നൽകുന്നു. പരിശീലക വേഷത്തിൽ ആന്റി ഫ്ലവറും വീണ്ടുെമെത്തുന്നതോടെ കിരീടത്തിൽ കുറഞ്ഞതൊന്നും ആർസിബിയുടെ ലക്ഷ്യങ്ങളിലില്ല.

ആശങ്കയായി പരിക്ക്

മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്പിൻ വിഭാ​ഗം ശക്തമല്ലെന്നതാണ് ടീമിന്റെ ​ദൗർബല്യങ്ങളിലൊന്ന്. സ്പിന്നിനു അനുകൂലമല്ലാത്ത പിച്ചുകളിൽ ക്രുണാൽ പാണ്ഡ്യക്കും സുയാഷ് ശർമ്മയ്ക്കും റണ്ണൊഴുക്ക് പിടിച്ചു നിർത്താനാകുമോയെന്ന ചോദ്യം പ്രസക്തമാണ്.

പരുക്ക് അലട്ടുന്ന ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനു സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നതും തിരിച്ചടിയാണ്. ടിം ഡേവിഡും പരുക്കിനു പേരുകേട്ട താരമാണ്. മൂന്നാം നമ്പറിൽ വെങ്കിടേഷ് അയ്യർ, ദേവ്​ദത്ത് പടിക്കൽ എന്നിവരിൽ ആരെ കളിപ്പിക്കുമെന്നതും ടീമിനെ കുഴക്കും.

സാധ്യത ഇലവൻ: ഫിൽ സാൾട്ട്, വിരാട് കോഹ്ലി, വെങ്കടേഷ് അയ്യ‍ർ, രജത് പടിദാർ, ജിതേഷ് ശർമ, ജേക്കബ് ബെഥെൽ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ. ഇംപാക്ട് പ്ലെയ‍ർ: സുയാഷ് ശ‍ർമ, ദേവ്ദത്ത് പടിക്കൽ,മങ്കേഷ് യാദവ്, ജേക്കബ് ഡഫി, റൊമേരിയോ ഷെഫേ‍ർഡ്

Content Highlights:royal challengers bengaluru rcb ipl 2026 virat kohli e -sala cup namde

To advertise here,contact us