ഒരൊറ്റ മേജർ ട്രോഫി പോലും പോയ വർഷം ബെർണബ്യൂ ഷെൽഫിലില്ല. പക്ഷെ വരുമാനക്കണക്കിൽ ഫ്ളോറന്റീനോ പെരസിനെ പിന്നിലാക്കാൻ യൂറോപ്പിലെ ക്ലബ്ബുകൾ ഇച്ചിരി കൂടി മൂക്കണം. പോയ വർഷം ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം കൊയ്ത ക്ലബ്ബ് ഏതാണ്. ഡിലോയ്റ്റിന്റെ ഏറ്റവും പുതിയ മണിലീഗ് റിപ്പോർട്ട് പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. നോക്കാം ഫുട്ബോൾ ലോകത്ത് വരുമാനക്കണക്കുകളിൽ മുന്നിലുള്ള 20 ക്ലബ്ബുകളും അവരുടെ വരുമാനക്കണക്കുകളും.
മൈതാനത്തിനകത്ത് വലിയൊരു പ്രതിസന്ധിക്കാലത്ത് കൂടി സഞ്ചരിക്കുകയാണ് റയൽ മാഡ്രിഡ്. പോയ വർഷം ഒരൊറ്റ കിരീടം പോലും ആരാധകർക്ക് സമ്മാനിക്കാനായിട്ടില്ല ടീമിന്. കാർലോ ആഞ്ചലോട്ടിയുടെ പടിയിറക്കത്തിന് ശേഷം ഏറെ പ്രതീക്ഷയോടെ തലപ്പത്തെത്തിച്ച സാബി അലോൺസോ സാക് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സീസണിലും പ്രതിസന്ധികൾ ബെർണബ്യൂവിന്റെ ആകാശം വിട്ടൊഴിയില്ലെന്ന മട്ടാണ്. സൂപ്പർ കപ്പും കോപ്പ ഡെൽറേയും ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. പ്രതിസന്ധികൾ പലതുമുണ്ടെങ്കിലും വരുമാനത്തിൽ പോയ വർഷം അതൊന്നും റയലിനെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. എന്നു മാത്രമല്ല മുൻ വർഷങ്ങളുടേതിനേക്കാൾ റെവന്യൂ ഇക്കുറി ടീം ജെനറേറ്റ് ചെയ്തിട്ടുണ്ട്.
ഡിലോയ്റ്റ് ഫുട്ബോൾ മണി ലീഗിന്റെ 29ാം എഡിഷൻ കണക്കുകൾ പ്രകാരം പോയ വർഷം ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം കൊയ്ത ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് തന്നെയാണ്. 1.2 ബില്യൺ യൂറോയാണ് റയൽ പോയ വർഷം ജെനറേറ്റ് ചെയ്തത്. ഏകദേശം 12,877 കോടി രൂപ. തുടർച്ചയായി മൂന്നാം വർഷമാണ് റയൽ പട്ടികയിൽ തലപ്പത്തെത്തുന്നത്. 2023-24 സീസണിലാണ് ചരിത്രത്തിലാദ്യമായി ഒരു ക്ലബ്ബ് 1 ബില്യൺ യൂറോ വരുമാനം കടന്നത്. ലോസ് ബ്ലാങ്കോസ് തന്നെയായിരുന്നു അത്. ഇക്കുറി ആ റെക്കോർഡും ടീം മറികടന്നു. ഇക്കുറി ടീമിന്റെ കൊമേഴ്സ്യൽ റെവന്യൂ മാത്രം 594 മില്യൺ യൂറോയാണ്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബാഴ്സലോണയാണ്. 975 മില്യൺ യൂറോയാണ് കറ്റാലൻ ക്ലബ്ബിന്റെ പോയ വർഷത്തെ വരുമാനം. ഏകദേദം 10, 460 കോടി രൂപ വരുമിത്. മൂന്നാം സ്ഥാനത്ത് ബയേൺ മ്യൂണിക്ക്. 860 മില്യൺ യൂറോയാണ് പോയ വർഷം ജർമൻ ക്ലബ്ബ് സമ്പാദിച്ചത്. ഏകദേശം 9239 കോടി രൂപ വരുമിത്. നാലാം സ്ഥാനത്ത് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജി. 837 മില്യൺ യൂറോയാണ് ഫ്രഞ്ച് വമ്പന്മാർ കൊയ്തത്. ഏകദേശം 8928 കോടി രൂപ. അഞ്ചാം സ്ഥാനത്ത് നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ. 836 മില്യൺ യൂറോയാണ് ലിവർപൂൾ ജെനറേറ്റ് ചെയ്തത്.
ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ അഞ്ച് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ്. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ചെൽസി. 12 ബില്യൺ യൂറോയാണ് പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങളിലുള്ള ക്ലബ്ബുകൾ ചേർന്ന് ആകെ ജെനറേറ്റ് ചെയ്തത്. 2023-24 സീസണിൽ ഇത് 11.2 ബില്യൺ യൂറോയായിരുന്നു.
മാച്ച് ഡേ റെവന്യൂവിൽ പോയ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം കുറവ് ഇക്കുറി റയലിന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 233 മില്യൺ യൂറോ ആ ഇനത്തിൽ റയൽ അക്കൗണ്ടിലാക്കിയിട്ടുണ്ട്. അതേ സമയം ടീമിന്റെ കൊമേഴ്സ്യൽ വരുമാനത്തിൽ 23 ശതമാനം വർധനയുണ്ട്. 281 മില്യൺ പൗണ്ടാണ് റയലിന്റെ ബ്രോഡ്കാസ്റ്റ് റെവന്യൂ.
2019- 20 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്സലോണ ഇത്രയും ഉയർന്ന റാങ്കിലെത്തുന്നത്. 2023-24 സീസണുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനത്തിന്റെ വളർച്ചയാണ് ടീമിന്റെ വരുമാനത്തിലുണ്ടായിരിക്കുന്നത്. 438 മില്യൺ പൗണ്ടാണ് ടീമിന്റെ പോയ വർഷത്തെ കൊമേഴ്സ്യൽ റെവന്യൂ. പേഴ്സണൽ സീറ്റ് ലൈസൻസ് അറേജ്മെന്റടക്കം ഇക്കുറി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ടീമിന്റെ റെവന്യൂവിൽ പ്രതിഫലിച്ചിട്ടുണ്ട്. 835 ദിവസത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ നവംബറിൽ റിനൊവേഷന് ശേഷം തുറന്ന ക്യാമ്പ് നൗ സ്റ്റേഡിയം വരും വർഷങ്ങളിൽ ടീമിന്റെ വരുമാനത്തിൽ പ്രതിഫലിക്കും.
മണി ലീഗ് ഹിസ്റ്ററിയിൽ ആദ്യമായാണ് ലിവർപൂൾ ഏറ്റവും കൂടുതൽ വരുമാനം കൊയ്യുന്ന ഇംഗ്ലീഷ് ക്ലബ്ബായി മാറിയത്. ബ്രോഡ്കാസ്റ്റ് റെവന്യൂവിൽ മാത്രം 36 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ലിവർപൂളിനുണ്ടായിട്ടുള്ളത്. കൊമേഴ്സ്യൽ വരുമാനത്തിൽ ഏഴ് ശതമാനത്തിന്റെ വർധന. പോയ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സിറ്റി ഇക്കുറി ആറാം സ്ഥാനത്തേക്കാണിറങ്ങിയത്.
എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റാങ്കിങ്ങാണ്. 829 മില്യൺ യൂറോയാണ് സിറ്റിയുടെ വരുമാനം. യുണൈറ്റഡിന്റെയാവട്ടെ 793 മില്യൺ യൂറോയും. ബ്രോഡ്കാസ്റ്റ് റെവന്യൂവിൽ മാത്രം 52 മില്യൺ യൂറോയുടെ കുറവാണ് യുണൈറ്റഡിന് രേഖപ്പെടുത്തിയത്. പിച്ച് റിസൽട്ടുകളാണ് ഇതിന് കാരണം. 821 മില്യൺ യൂറോയാണ് ഏഴാം സ്ഥാനത്തുള്ള ആഴ്സണൽ പോയ വർഷം ജെനറേറ്റ് ചെയ്തത്. ഒമ്പതാം സ്ഥാനത്തുള്ള ടോട്ടൻഹാം 672 മില്യൺ യൂറോ. പത്താം സ്ഥാനത്തുള്ള ചെൽസിയാവട്ടെ 584 മില്യണും.
ഇന്റർനാസിയോണൽ, ബൊറൂഷ്യ ഡോർട്ട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ്, ആസ്റ്റൺ വില്ല, എ.സി മിലാൻ, യുവന്റസ്, ന്യൂകാസിൽ യുണൈറ്റഡ്, സ്റ്റുഗാർട്ട്, ബെൻഫിക, വെസ്റ്റ് ഹാം ക്ലബ്ബുകളാണ് പട്ടികയിൽ 11 മുതൽ 20 വരെ സ്ഥാനങ്ങളിലുള്ളത്.
Content highlight: football club income in 2025. full list and amount