ഐപിഎല്ലിന്റെ 18-ാം പതിപ്പ് നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആകെയുണ്ടായിരുന്ന 10 ടീമുകളിൽ ഇനി പ്ലേ ഓഫിന് മത്സരിക്കുന്നത് ഏഴ് ടീമുകൾ മാത്രം. ഇത്തവണയും നിരവധി കളിക്കാർ ഐപിഎൽ വേദികളിൽ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചില താരങ്ങൾ അമ്പേ പരാജയപ്പെട്ടു. ഈ സീസണിലെ മോശം പ്രകടനം നടത്തിയവരെ ഒറ്റ ടീമാക്കിയാൽ ആരൊക്കെ ഉൾപ്പെടും. അത്തരത്തിലുള്ള ഒരു പ്ലെയിങ് ഇലവൻ ഒന്ന് നോക്കാം.
അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ ഏറെ മോശം പ്രകടനമാണ് നടത്തിയത്. അതിന് കാരണക്കാരനായ താരങ്ങളിൽ ഒരാളാണ് രാഹുൽ ത്രിപാഠി. അഞ്ച് മത്സരങ്ങൾ കളിച്ച ത്രിപാഠിക്ക് വെറും 55 റൺസ് മാത്രമാണ് നേടാനായത്. 96.49 സ്ട്രൈക്ക് റേറ്റിൽ 11 റൺസ് ശരാശരിയിലായിരുന്നു സീസണിൽ ത്രിപാഠിയുടെ ബാറ്റിങ്.
സീസണിൽ നന്നായി തുടങ്ങിയെങ്കിലും രചിൻ രവീന്ദ്രയ്ക്ക് മികവ് തുടരാനായില്ല. എട്ട് മത്സരങ്ങളിൽ നിന്ന് 191 റൺസ് മാത്രമാണ് രചിന്റെ സമ്പാദ്യം. പുറത്താകാതെ നേടിയ 65 റൺസാണ് രചിന്റെ ടോപ് സ്കോർ.
11.25 കോടി രൂപ മുടക്കി ഏറെ പ്രതീക്ഷയോടെയാണ് സൺറൈസേഴ്സ് ഇഷാൻ കിഷനെ ടീമിലെത്തിച്ചത്. ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേട്ടവും കിഷൻ സ്വന്തമാക്കി. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ഇഷാന് മികവിലേക്ക് ഉയരാനായില്ല. സീസണിൽ 10 ഇന്നിങ്സുകളിൽ നിന്നായി 196 റൺസ് മാത്രമാണ് ഇഷാന് നേടാനായത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയായ 27 കോടി രൂപ മുടക്കിയാണ് റിഷഭ് പന്തിനെ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. പിന്നാലെ റിഷഭ് പന്തിനെ ലഖ്നൗവിന്റെ നായകനായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സീസണിൽ 11 ഇന്നിങ്സുകളിൽ നിന്ന് 128 റൺസ് മാത്രമാണ് റിഷഭ് പന്തിന് നേടാൻ കഴിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നതും റിഷഭ് പന്താണ്.
ഐപിഎൽ 18-ാം സീസണിന് മുമ്പുള്ള മെഗാലേലത്തിൽ 23.75 കോടി രൂപയാണ് വെങ്കിടേഷ് അയ്യരെ തിരികെയെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിലവഴിച്ചത്. എന്നാൽ 11 മത്സരങ്ങളിൽ നിന്ന് 142 റൺസ് മാത്രമാണ് വെങ്കിടേഷ് അയ്യർക്ക് നേടാൻ കഴിഞ്ഞത്. വലിയ തുക ലഭിച്ചിട്ടും മോശം പ്രകടനം നടത്തുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വലിയ തുകയാണെങ്കിലും ചെറിയ തുകയാണെങ്കിലും ചിലപ്പോൾ നല്ല പ്രകടനവും മറ്റുചിലപ്പോൾ മോശം പ്രകടനവും താരങ്ങളിൽ നിന്നുണ്ടാകുമെന്നായിരുന്നു വെങ്കിടേഷ് അയ്യർ പ്രതികരിച്ചത്.
മുൻ സീസണുകളിലേതിന് സമാനമായി ഇത്തവണയും മാക്സ്വെൽ മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ സമീപകാലത്തൊന്നും മാക്സ്വെൽ ഇത്രയും മോശം പ്രകടനം നടത്തിയിട്ടില്ല. പഞ്ചാബ് കിങ്സ് 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരം ഏഴ് ഇന്നിങ്സുകളിൽ നിന്ന് നേടിയത് വെറും 48 റൺസ് മാത്രമാണ്.
മധ്യനിരയിൽ വെടിക്കെട്ട് നടത്താൻ ഇംഗ്ലണ്ടിൽ നിന്നും 8.75 കോടി രൂപയ്ക്കാണ് ലിയാം ലിവിങ്സ്റ്റണിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. എന്നാൽ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 87 റൺസ് മാത്രമാണ് ലിവിങ്സ്റ്റണിന് നേടാനായത്.
1.7 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ താരം. ദീപക് ഹൂഡയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിനായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ആറ് മത്സരങ്ങൾ കളിച്ച താരത്തിന് നേടാനായത് വെറും 31 റൺസ് മാത്രമാണ്. 75.60 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്. ബാറ്റിങ് ശരാശരി 6.20 മാത്രവും.
ഐപിഎല്ലിൽ എട്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ മടങ്ങിയെത്തിയത്. 9.75 കോടി രൂപയെന്ന വലിയ തുക നൽകിയാണ് അശ്വിനെ ചെന്നൈ സ്വന്തം തട്ടകത്തിൽ മടക്കിയെത്തിച്ചത്. എന്നാൽ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ച താരം അഞ്ച് വിക്കറ്റുകൾ മാത്രമാണ് നേടിയത്. ബാറ്റുകൊണ്ടും താരത്തിന്റെ സംഭാവന കുറവായിരുന്നു. രണ്ട് ഇന്നിങ്സിൽ ക്രീസിലെത്തിയെങ്കിലും 12 റൺസ് മാത്രമായിരുന്നു അശ്വിന്റെ സമ്പാദ്യം.
രാജസ്ഥാൻ റോയൽസ് നിരയിൽ നീതീകരിക്കാൻ കഴിയുന്ന ഒരു പ്രകടനം പോലും തുഷാർ ദേശ്പാണ്ഡെയ്ക്ക് നടത്താൻ കഴിഞ്ഞില്ല. സീസണിൽ നേടാനായത് ആറ് വിക്കറ്റുകൾ മാത്രം. 11.25 റൺസാണ് ദേശ്പാണ്ഡെയുടെ ബൗളിങ് എക്കണോമി.
10 കോടി രൂപ നൽകിയാണ് ഇന്ത്യൻ പേസർ കൂടിയായ മുഹമ്മദ് ഷമിയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ ഷമി 2025 ജനുവരിയോടെയാണ് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ മടങ്ങിയെത്തിയത്. എന്നാൽ ഷമിയുടെ പ്രതാപകാലത്തെ അനുസ്മരിക്കുന്ന ബൗളിങ് ഇത്തവണത്തെ ഐപിഎല്ലിൽ ഒരിക്കൽപോലും ആരാധകർക്ക് കാണാനായില്ല. ആറ് വിക്കറ്റ് മാത്രമാണ് ഷമിയ്ക്ക് ഈ സീസൺ ഐപിഎല്ലിൽ നേടാനായത്. 11.23 ആണ് ഷമിയുടെ ബൗളിങ് എക്കണോമി.
Content Highlights: Players who can be included in flop XI of IPL 2025