ചരിത്രം കുറിച്ച് ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം ആയുഷ് ഷെട്ടി ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് ആയുഷ്. ചൈനയിലെ നിംഗ്ബോയിൽ നടന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യന്മാരുമായ കുൻലാവുട്ട് വിറ്റിഡ്സാർണിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഷെട്ടി ഫൈനലിലെത്തിയത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കിയാണ് താരം കായിക ലോകത്തെ അമ്പരപ്പിച്ചത്. സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 10-21, 21-19, 21-17. മംഗലാപുരത്തു നിന്നുള്ള 20 കാരൻ ഫൈനലിൽ, ചൈനയുടെ രണ്ടാം സീഡ് ഷി യു ക്വിയെ നേരിടും.
മത്സരത്തിന്റെ തുടക്കത്തിൽ പതറിയെങ്കിലും ആത്മവിശ്വാസം നിറഞ്ഞ ആക്രമണാത്മക ശൈലി കൊണ്ട് ആയുഷ് ഷെട്ടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ ഗെയിം നഷ്ടമായ ആയുഷ് ഷെട്ടി, അടുത്ത രണ്ട് ഗെയിമുകളിലും ജയിച്ചു ഷെട്ടി ഫൈനലിൽ എത്തി.ഈ വിജയം ആയുഷ് ഷെട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി മാറിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ പ്രതീക്ഷകളും ഉയർന്നിട്ടുണ്ട്.
Content highlight: Ayush Shetty scripts history, stuns world No.1 Vitidsarn, enters Asia badminton final