നിലവിലെ റണ്ണറപ്പായ തൃശ്ശൂര്‍ മാജിക് എഫ്‌സി സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിലെ സെമി ഫൈനല്‍ കാണാതെ പുറത്ത്. കാലിക്കറ്റ് എഫ്‌സിയോടേറ്റ മൂന്ന് ഗോള്‍ തോല്‍വിയാണ് ഒരു മത്സരം ശേഷിക്കേ തൃശൂരിന് പുറത്തേക്കുള്ള വഴിതുറന്നത്. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സിക്കായി മാക്‌സിമിലിയാനോ ഉറൂട്ടി, ലിയോ ഡേവിഡ്, ആന്‍ഡ്രൂസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒന്‍പത് കളികളില്‍ 23 പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളില്‍ ഏഴ് പോയന്റ് മാത്രമുള്ള തൃശ്ശൂര്‍ മടങ്ങി.
12-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള അഫ്‌സലിന്റെ ബൈസിക്കിള്‍ കിക്ക് കാലിക്കറ്റ് ഗോള്‍കീപ്പര്‍ മിര്‍ഷാദ് കൈപ്പിടിയിലൊതുക്കിയതോടെയാണ് മത്സരം ആവേശത്തിലേക്ക് കടന്നത്. മൂന്ന് മിനിറ്റിനകം കാലിക്കറ്റ് ലീഡെടുത്തു. അരുണ്‍കുമാറിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാക്‌സിമിലിയാനോ, മൂന്ന് പ്രതിരോധതാരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറി, ഗോള്‍കീപ്പര്‍ കമാലുദ്ധീന് പ്രതികരിക്കാന്‍ അവസരം നല്‍കാതെ പന്ത് വലയിലെത്തിച്ചു. 29-ാം മിനിറ്റില്‍ ലിയോ ഡേവിഡിന്റെ ശക്തിയേറിയ ഗ്രൗണ്ടര്‍ കൃത്യമായ ടൈമിംഗും ഡൈവിങുമായി തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ധീന്‍ തടുത്തിട്ടു. തൊട്ടുപിന്നാലെ തൃശൂരിന് സമനിലയ്ക്കുള്ള സുവര്‍ണാവസരം. വാലന്റൈനിന്റ ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ആദ്യപകുതി കാലിക്കറ്റിന്റെ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചു.
രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ കാലിക്കറ്റിന്റെ ആക്രമണം. വലതുവിങില്‍ നിന്ന് ആന്‍ഡ്രൂസ് നല്‍കിയ ക്രോസ് പ്രശാന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോള്‍കീപ്പര്‍ കമാലിന്റെ കൈകളില്‍ വിശ്രമിച്ചു. 52-ാം മിനിറ്റില്‍ കാലിക്കറ്റ് ലീഡ് രണ്ടാക്കി. പ്രശാന്തിലൂടെ ബോക്‌സിലേക്ക് വന്ന പന്ത് മാക്‌സിമിലിയാനോ ലിയോ ഡേവിഡിന് മറിച്ചുനല്‍കി, അവസരം കാത്തിരുന്ന ബ്രസീലുകാരന്‍ പിഴവ് വരുത്തിയില്ല.
77-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ആന്‍ഡ്രൂസിന്റെ ക്ലോസ് റെയ്ഞ്ച് ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ നെഞ്ച് കൊണ്ടു തടുത്തിട്ടു. എന്നാല്‍ രണ്ട് മിനിറ്റിനകം ഗോള്‍ നേടിക്കൊണ്ട് ആന്‍ഡ്രൂസ് പകരം വീട്ടി. പത്താം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബുധനാഴ്ച (നവംബര്‍ 25) കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, മലപ്പുറം എഫ്‌സിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരുടീമുകളും ആദ്യ പാദത്തില്‍ മത്സരിച്ചപ്പോള്‍ മലപ്പുറം വിജയിച്ചിരുന്നു.
content highlights: Super League Kerala: Thrissur Magic FC Eliminated; Calicut FC Continue Impressive Run