ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ വിവാദം. ഫോക്ക്ലാൻഡ് ദ്വീപുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടുമായി നിലനിൽക്കുന്ന പതിറ്റാണ്ടുകളുമായുള്ള തർക്കം അർജന്റീനൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് വലിച്ചിട്ടതാണ് വിവാദമായത്. ഗാലറിയിൽ നിന്ന് ആരാധകർ കൈമാറിയ രാഷ്ട്രീയ ബാനർ വാങ്ങി അർജന്റീനൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയും ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയും പരസ്യമായി മൈതാനത്ത് പ്രദർശിപ്പിക്കുകയായിരുന്നു.
ലാസ് മാൽവിനാസ് സൺ അർജന്റീനാസ്എന്ന് സ്പാനിഷിൽ എഴുതിയ ബാനറാണ് ഇവർ ഉയർത്തിയത്. ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ് എന്നാണ് ഇതിനർത്ഥം. മത്സരത്തിനിടയിലോ കളിക്ക് ശേഷമുള്ള ഔദ്യോഗിക സമയത്തോ രാഷ്ട്രീയപരമോ മതപരമോ ആയ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് ഫിഫയുടെ പെരുമാറ്റ ചട്ടങ്ങൾക്ക് എതിരാണ്.
അർജന്റീനയുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 480 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, നിലവിൽ ബ്രിട്ടന്റെ അധീനതയിലുള്ള ദ്വീപ് സമൂഹമാണ് ഫോക്ക്ലാൻഡ്. അർജന്റീനക്കാർ ഇതിനെ 'ലാസ് മാൽവിനാസ്' എന്നാണ് വിളിക്കുന്നത്.
19-ാം നൂറ്റാണ്ട് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ഈ ദ്വീപിന്റെ പരമാധികാരത്തെച്ചൊല്ലി തർക്കമുണ്ട്. 1982-ൽ അർജന്റീനയിലെ സൈനിക ഭരണകൂടം ഈ ദ്വീപ് പിടിച്ചെടുക്കാൻ അധിനിവേശം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ 'ഫോക്ക്ലാൻഡ് യുദ്ധം' പൊട്ടിപ്പുറപ്പെട്ടു. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ അർജന്റീന പരാജയപ്പെടുകയും ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും അതിന് മേലെയുള്ള തർക്കങ്ങൾ അവസാനിച്ചിട്ടില്ല.
Content highlight: argentina players falkland islands banner fifa action disciplinary proceedings