കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ദേശീയ ടീം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കാലാവധി അവസാനിച്ചതായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് സ്ഥിരീകരിച്ചു. മാര്‍ട്ടിനെസുമായും അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുമായുള്ള കരാര്‍ ഔദ്യോഗികമായി അവസാനിച്ചതായി എഫ്പിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാര്‍ട്ടറില്‍ സ്പെയിനിനോട് 1-0 ന് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.
'ദേശീയ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസുമായും അദ്ദേഹത്തിന്റെ സാങ്കേതിക ടീമുമായുള്ള കരാര്‍ ബന്ധം ഈ ബുധനാഴ്ചയോടെ ഔദ്യോഗികമായി അവസാനിച്ചതായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് അറിയിക്കുന്നു,' -എഫ്പിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. മൂന്നര വര്‍ഷത്തെ മാര്‍ട്ടിനെസിന്റെ സേവനത്തിനും പ്രൊഫഷണലിസത്തിനും അര്‍പ്പണബോധത്തിനും എഫ്പിഎഫ് നന്ദി രേഖപ്പെടുത്തി. മാര്‍ട്ടിനെസിന്റെ കാലയളവില്‍ 2025-ല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നു.
'പുതിയ ദേശീയ കോച്ചിനെ നിയമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് ഇതിനകം ആരംഭിച്ചിട്ടുണ്ട്,' -എഫ്പിഎഫ് തങ്ങളുടെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍നിന്ന് ടീം പുറത്തായതിന് പിന്നാലെ, ദേശീയ പുരുഷ ടീമിന്റെ ചുമതലകളില്‍ നിന്നുള്ള തന്റെ പടിയിറക്കം മാര്‍ട്ടിനെസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനും ഇക്കാര്യം സ്ഥിരീകരിച്ചത്.
content highlights: Portugal coach Roberto Martínez steps down; team confirms departure