ഇത് റെക്കോർഡുകളുടെ ലോകകപ്പ്! കാത്തിരിക്കുന്നത് അനവധി നാഴികക്കല്ലുകൾ

മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലായി പതിനാറ് സ്റ്റേഡിയങ്ങളിലാണ് 2026 ഫിഫ ലോകകപ്പിൽ പന്തുരുളുക

ആരവങ്ങൾക്കും ആവേശങ്ങൾക്കും അപ്പുറം ഒരുപിടി റെക്കോർഡുകളുടെ കൂടി മാമാങ്കമാണ് 2026 ഫിഫ വേൾഡ് കപ്പ്. ടീമുകളുടെ കാര്യത്തിലും, കളിക്കാരുടെ എണ്ണത്തിലും മത്സരവേദികളിലും അങ്ങനെ എല്ലാത്തിലും പുതുചരിത്രം കുറിച്ചാണ് ലോകകപ്പിന്റെ ഇരുപത്തിമൂന്നാം പതിപ്പിന് ഇന്ന് തുടക്കമാവുന്നത്. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിലായി പതിനാറ് സ്റ്റേഡിയങ്ങളിലാണ് 2026 ഫിഫ ലോകകപ്പിൽ പന്തുരുളുക. മെക്സിക്കോയിലും കാനഡയിലും 13 മത്സരങ്ങൾ വീതവും ബാക്കി 78 മത്സരങ്ങൾ അമേരിക്കയിലുമാണ് നടക്കുന്നത്. റൗണ്ട് ഓഫ് 32ൽ ആയിരിക്കും നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്.

കേയ്പ് വെർദെ, കുറസാവോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ ടീമുകൾക്ക് ഇത് തങ്ങളുടെ അരങ്ങേറ്റ ലോകകപ്പാണ്. ഇതോടെ ലോകകപ്പിൽ പങ്കെടുത്ത മൊത്തം രാജ്യങ്ങളുടെ എണ്ണം എൺപത്തിനാലുമാകും. ഈജിപ്താണ് ലോകകപ്പോൾ ഒറ്റ ജയവുമില്ലാത്ത ഏക ടീം. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും അഞ്ച് തോൽവിയുമാണ് അവരുടെ സമ്പാദ്യം. ആകെ 1248 താരങ്ങളാണ് ഇക്കുറി ലോകഫുട്ബോൾ മാമാങ്കത്തിൽ ബൂട്ടണിയാണ് ഒരുങ്ങുന്നത്. അതിൽ ലോകകപ്പ് കളിച്ച പരിചയസമ്പത്ത് ഉള്ളത് 357 പേർക്ക്. 891താരങ്ങളാണ് ലോകകപ്പിലെ അരങ്ങേറ്റക്കാർ. കളിക്കാരിൽ 200 താരങ്ങൾ ഇം​ഗ്ലീഷ് ക്ലബുകളിൽ നിന്നുള്ളവരാണ്. ജ‌ർമ്മനിയിൽ നിന്ന് 109 താരങ്ങളും സ്പെയ്നിൽ നിന്ന് 86 താരങ്ങളും ഇറ്റലിയിൽ നിന്ന് 71 താരങ്ങളും സൗദി അറേബ്യയിൽ നിന്ന് 49 താരങ്ങളുമാണ് എത്തുന്നത്.

പുതുചരിത്രം കുറിക്കാനാണ് ഫുട്ബോൾ ലോകത്തെ തകർപ്പൻ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബാപ്പേയും അമേരിക്കയിലേക്ക് വിമാനം കയറുന്നത്. ലോകകപ്പ് ടോപ് സ്കോററായ മിറോസ്ലാവ് ക്ലോസെയുടെ 16 ​ഗോളിന്റെ റെക്കോർഡ് തകർക്കലാണ് അവർക്ക് മുന്നിലുള്ള മിഷൻ. മെസ്സി ഇതുവരെ 13 ​ഗോളുമായും എംബാപ്പേ 12 ​ഗോളുമായാണ് ലോകകപ്പിൽ നേടിയിട്ടുള്ളത്.

Content highlight: FIFA World Cup 2026 records and milestones

To advertise here,contact us