ജയം മോഹിച്ച് ഇന്ത്യ; സൗഹൃദ മത്സരം താജികിസ്താനെതിരെ

മത്സരം രാത്രി 8.30ന് താജിക്കിസ്താനിലെ ടാല്‍കോ അരീനയില്‍

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ താജികിസ്താനെ നേരിടാന്‍ ഇന്ത്യ. ഇന്ന് രാത്രി 8.30ന് താജിക്കിസ്താനിലെ ടാല്‍കോ അരീനയിലാണ് മത്സരം. രണ്ടുമത്സരങ്ങളാണ് താജികിസ്താനെതിരെയുള്ളത്. രണ്ടാമത്തെ മത്സരം ഈമാസം ഒമ്പതിന് ഹിസോറില്‍വെച്ച് നടക്കും. രണ്ടിലും ജയത്തോടെ മടങ്ങാനാണ് ഖാലിദ് ജമീലിന്റെയും സംഘത്തിന്റെയും ശ്രമം. ഫിഫ റാങ്കിങ്ങില്‍ 137-ാം സ്ഥാനക്കാരാണ് ഇന്ത്യ. താജികിസ്താന്‍ 103-ാം സ്ഥാനക്കാരാണ്. രണ്ടുമത്സരങ്ങളും ജയിച്ചാല്‍ അടുത്ത ഫിഫ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാനായേക്കും. ഇതായിരിക്കും ഇന്ത്യയുടെ പ്രധാന ലക്ഷ്യം.

നേരത്തെ, ലണ്ടനില്‍ നടന്ന യൂണിറ്റി കപ്പ് ഫുട്ബോളില്‍ ജമൈക്ക, സിംബാബ്വേ ടീമുകള്‍ക്കെതിരെ കളിച്ച ഇന്ത്യ രണ്ടിലും തോറ്റിരുന്നു. ഇതിനുശേഷമാണ് ഇന്ത്യ താജികിസ്താനിലേക്ക് പറന്നത്. യൂണിറ്റി കപ്പിനിടെ പരിക്കേറ്റ റയാന്‍ വില്യംസ് താജികിസ്താനെതിരായ മത്സരത്തില്‍ കളിക്കില്ല. പകരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം പാര്‍ഥിബ് ഗൊഗോയിയെ ടീമിലെടുത്തു. നേരത്തെ, യൂണിറ്റി കപ്പ് ഫുട്ബോളില്‍ മോഹന്‍ ബഗാന്‍ തങ്ങളുടെ താരങ്ങളെ വിട്ടുനല്‍കിയിരുന്നില്ല. ഫിഫ വിന്‍ഡോയ്ക്ക് പുറത്തുള്ള മത്സരമായതിനാലായിരുന്നു നടപടി. എന്നാല്‍, സൗദഹൃദ മത്സരങ്ങളിലും താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല.

ഗുര്‍പ്രീത് സിങ് സന്ധുവായിരിക്കും ഇന്ത്യയുടെ ഗോള്‍കീപ്പര്‍. മുന്നേറ്റത്തില്‍ ഫാറൂഖ് ചൗധരി, മുഹമ്മദ് സനാന്‍, റഹീം അലി തുടങ്ങിയവര്‍ കളിക്കും. പിഎന്‍ നൗഫല്‍, ജീക്സണ്‍ സിങ് തുടങ്ങിയവര്‍ മധ്യനിരയിലും രാഹുല്‍ ഭേകെ, സന്ദേശ് ജിംഗാന്‍ തുടങ്ങിയവര്‍ പ്രതിരോധത്തിലും കളിച്ചേക്കും.

content highlights: India aims for victory; Friendly match against Tajikistan

To advertise here,contact us