അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് ടീമിനെ മുഖ്യപരിശീലകൻ തോമസ് ടുഹൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ സൂപ്പർ താരങ്ങളെ പലരെയും പൂർണ്ണമായി തഴഞ്ഞുകൊണ്ട് അതീവ നാടകീയവും കടുത്തതുമായ തീരുമാനങ്ങളാണ് പരിശീലകൻ എന്ന നിലയിലുള്ള തന്റെ ആദ്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിലൂടെ ജർമ്മൻ തന്ത്രജ്ഞനായ ടുഹൽ കൈക്കൊണ്ടിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഫിൽ ഫോഡൻ, ചെൽസിയുടെ യുവ വിസ്മയം കോൾ പാമർ, റയൽ മാഡ്രിഡിന്റെ വിശ്വസ്തനായ റൈറ്റ് ബാക്ക് ട്രെന്റ് അലക്സാണ്ടർ അർനോൾഡ് എന്നിവരടങ്ങുന്ന വമ്പൻ നിരയെയാണ് ടീമിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയത്.
ഫോഡൻ, പാമർ, ട്രെന്റ് എന്നിവർക്ക് പുറമെ മുൻനിര പ്രതിരോധ താരം ഹാരി മഗ്വയർ, മോർഗൻ ഗിബ്സ് വൈറ്റ്, ലൂക്ക് ഷാ, ആദം വാർട്ടൺ, ജെയിംസ് ഗാർനർ എന്നിവർക്കും ഇത്തവണ ടീമിലിടം പിടിക്കാൻ സാധിച്ചില്ല.
വരുന്ന ജൂൺ 17-ന് ഡള്ളാസിൽ വെച്ച് ക്രൊയേഷ്യക്കെതിരെ പോരാട്ടത്തോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് കാമ്പെയ്ന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എൽ ലിൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ട് പിന്നീട് ജൂൺ 23-ന് ആഫ്രിക്കൻ കരുത്തരായ ഘാനയെയും, ജൂൺ 27-ന് പനാമയെയും നേരിടും.
ഇംഗ്ലണ്ട് ലോകകപ്പ് ടീം
ഗോൾകീപ്പർമാർ: ജോർദാൻ പിക്ക്ഫോർഡ്, ഡീൻ ഹെൻഡേഴ്സൺ, ജെയിംസ് ട്രാഫോർഡ്.
പ്രതിരോധ നിര: റീസ് ജെയിംസ്, എസ്രി കോൻസ, ജാരെൽ ക്വാൻസ, ജോൺ സ്റ്റോൺസ്, മാർക് ഗുവേഹി, ഡാൻ ബേൺ, നിക്കോ ഒറെയ്ലി, ഡിജെഡ് സ്പെൻസ്, ടിനോ ലിവ്റാമെന്റോ.
മധ്യനിര: ഡിക്ലാൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, കോബി മൈനൂ, ജോർദാൻ ഹെൻഡേഴ്സൺ, മോർഗൻ റോഗേഴ്സ്, ജൂഡ് ബെല്ലിങ്ഹാം, എബെറെച്ചി എസെ.
ആക്രമണ നിര: ഹാരി കെയ്ൻ, ഐവൻ ടോണി, ഒല്ലി വാട്കിൻസി, ബുക്കായോ സാക്ക, മാർക്കസ് റാഷ്ഫോർഡ്, ആന്റണി ഗോർഡൻ, നോനി മഡുവെകെ.
content highlights:england-fifa-world-cup-2026-squad-thomas-tuchel-foden-palmer-omitted