ചാമ്പ്യൻസ് ലീഗിലെ ക്ലാസിക് പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബയേൺ മ്യൂണിക്ക് സെമി ഫൈനലിൽ. മൂന്നിനെതിരെ നാല് ഗോളുകൾക്ക് (ഇരു പാദങ്ങളിലുമായി സ്കോർ: 6-4) റയലിനെ വീഴ്ത്തിയാണ് ബയേൺ അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്.
ലൂയിസ് ഡയസ്, മൈക്കൽ ഒലീസ് എന്നിവരുടെ അവസാന നിമിഷങ്ങളിലെ ഗോളുകളാണ് ബയേണിന് ആവേശജയം സമ്മാനിച്ചത്. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയാണ് ബയേണിന്റെ എതിരാളികൾ.
റയലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ 2-1ന് ജയിച്ച ബയേണിന് സ്വന്തം തട്ടകത്തിൽ തുടക്കം പിഴച്ചു. മത്സരം തുടങ്ങി 34-ാം സെക്കൻഡിൽ തന്നെ ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറുടെ പിഴവിൽ നിന്ന് അർദ ഗുലർ റയലിനെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ പാവ്ലോവിച്ചിലൂടെ ബയേൺ ഒപ്പമെത്തി. ഗുലർ വീണ്ടും ലക്ഷ്യം കണ്ടതോടെ റയൽ 2-1ന് മുന്നിലായി.
പിന്നീട് ഹാരി കെയ്നിന്റെ ഗോളിൽ ബയേൺ വീണ്ടും സമനില പിടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് കിലിയൻ എംബാപ്പെ റയലിന്റെ മൂന്നാം ഗോൾ നേടി. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിലായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 4-4 എന്ന നിലയിലായി.
രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ എഡ്വാർഡോ കമവിംഗ ഇരട്ട മഞ്ഞക്കാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. കളി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ ലൂയിസ് ഡയസിന്റെ വെടിയുണ്ട പോലെയുള്ള ഷോട്ട് മിലിറ്റാവോയുടെ ദേഹത്ത് തട്ടി വലയിൽ കയറി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൈക്കൽ ഒലീസ് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് റയലിന്റെ ഗോൾ വല കുലുക്കിയതോടെ മത്സരം 4-2 എന്ന നിലയിലായി. തോൽവിയോടെ റയലിന്റെ ഈ സീസൺ ഏതാണ്ട് അവസാനിച്ചു. ലാ ലിഗയിൽ ബാഴ്സലോണ ഒൻപത് പോയിന്റ് മുന്നിലാണ്. 2012-ന് ശേഷം ആദ്യമായാണ് റയലിനെ ഒരു നോക്കൗട്ട് പോരാട്ടത്തിൽ ബയേൺ വീഴ്ത്തുന്നത്.
Content Highlights: bayern munich vs real madrid champions league semi final result