കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരായ വം​ശീ​യാ​ധി​ക്ഷേപം; പ​രാ​തി അ​ച്ച​ട​ക്ക സ​മി​തി​ക്ക് വി​ട്ട് എഐഎ​ഫ്​എ​ഫ്

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി - ബെംഗളൂരു എഫ്‌സി മ​ത്സ​ര​ത്തി​നി​ടെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ബെംഗളൂരു ആരാധകർ വം​ശീ​യ അ​ധി​ക്ഷേ​പം നടത്തിയിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി - ബെംഗളൂരു എഫ്‌സി മ​ത്സ​ര​ത്തി​നി​ടെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ ബെംഗളൂരു ആരാധകർ വം​ശീ​യ അ​ധി​ക്ഷേ​പം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എഫ്‌സി ന​ൽ​കി​​യ പ​രാ​തി അ​ച്ച​ട​ക്ക സ​മി​തി​ക്ക് കൈ​മാ​റിയിരിക്കുകയാണ് അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഏ​പ്രി​ൽ 11ന് ​ബെംഗ​ളൂ​രു​വി​ലെ ശ്രീക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​ക്കി​ടെ ബ്ലാ​സ്റ്റേ​ഴ്സ് താരത്തെ ബെം​ഗ​ളൂ​രു എ​ഫ്സി ആ​രാ​ധ​ക​ർ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി. എന്നാൽ, ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമല്ല. 'വം​ശീ​യ​ത​യോ​ട് യാ​തൊ​രു തരത്തിലുള്ള വി​ട്ടു​വീ​ഴ്ച​യു​മി​ല്ല, ഫുട്ബോൾ മൈ​താ​ന​ങ്ങ​ളി​ൽ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് സ്ഥാ​ന​മി​ല്ല'; എഐഎ​ഫ്​എ​ഫ് വ്യ​ക്ത​മാ​ക്കി.

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെ വംശീയ അധിക്ഷേപം ഉണ്ടായതായി സ്ഥിരീകരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടിരുന്നു. ഒപ്പം ഈ പ്രവൃത്തിയെ ക്ലബ് ശക്തമായി തന്നെ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഫുട്ബോളിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ക്ലബ് സംഭവത്തിന് പിന്നാലെ ഐ‌എസ്‌എൽ, എ‌ഐ‌എഫ്‌എഫ് അധികാരികളെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എഐഎഫ്എഫ് പരാതി അച്ചടക്ക സമിതിക്ക് കൈമാറിയത്.

ശ്രീകണ്ഠീരവയിൽ ബെംഗളുരുവിനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ചരിത്രജയം സ്വന്തമാക്കിയിരുന്നു. ഇന്ന് സ്വന്തം തട്ടകമായ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആരാധക കൂട്ടമായ മഞ്ഞപ്പട ടീമിന്റെ മത്സരങ്ങൾ ബഹിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ ഹോം മത്സരം കൂടിയാണ് ഇന്നത്തേത്.

Content highlight: Racial abuse towards Kerala Blasters FC player

To advertise here,contact us