ന്യൂസീലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ മിന്നും പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. മുൻനിര ബാറ്റർമാരെല്ലാം തിളങ്ങിയതോടെ ലീഡെടുക്കാനും ഇന്ത്യക്കായി. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റർമാരും അമ്പതിലധികം റൺസ് നേടുകയും ചെയ്തു.
94 വർഷത്തിനിടയ്ക്ക് ഇതാദ്യമായാണ് ഒരു എവേ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ അഞ്ച് മുൻനിര ബാറ്റർമാരും കുറഞ്ഞത് അർധസെഞ്ചുറിയെങ്കിലും നേടുന്നത്. ടെസ്റ്റിൽ അഞ്ച് തവണയാണ് ഇന്ത്യൻ ടീം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിൽ നാല് തവണയും മത്സരം ഇന്ത്യയിൽ വെച്ചായിരുന്നു. കിവീസ് മണ്ണിൽ അഞ്ച് ബാറ്റർമാരും ഫിഫ്റ്റി തികച്ചതോടെയാണ് ഇന്ത്യ അപൂർവ്വനേട്ടത്തിലെത്തിയത്.
ഓപ്പണർ യശസ്വി ജയ്സ്വാൾ 89 പന്തിൽ നിന്ന് 85 റൺസെടുത്തപ്പോൾ കെ.എൽ. രാഹുൽ സെഞ്ചുറിയുമായി തിളങ്ങി. 136 റൺസെടുത്ത രാഹുൽ റെക്കോഡും സ്വന്തമാക്കി. സെന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്.
ദേവദത്ത് പടിക്കൽ 80 റൺസും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസുമെടുത്തു. 62 പന്തിൽ 55 റൺസോടെ ഋഷഭ് പന്ത് ക്രീസിലുണ്ട്. ഗില്ലും പന്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് തികച്ചു. ആദ്യം ഗില്ലാണ് ഈ നേട്ടത്തിലെത്തിത്. പിന്നാലെ ഋഷഭ് പന്തും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 3000 റൺസ് തികച്ചു.
content highlights: india top 5 batters create history scoring fifty plus in new zealand test