വനിതാ പ്രീമിയര്‍ ലീഗ്; താരലേലം ഇന്ന് കൊച്ചിയില്‍

27 ഒഴിവുകളിലേക്ക് 146 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്, ലേലം വൈകുന്നേരം 5:30-ന് കൊച്ചിയില്‍ ആരംഭിക്കും

വനിതാ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പിന് മുന്നോടിയായി അഞ്ച് ഫ്രാഞ്ചൈസികളും തങ്ങളുടെ സ്‌ക്വാഡുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങവേ, താരലേലം ഇന്ന് വൈകുന്നേരം 5:30-ന് കൊച്ചിയില്‍ ആരംഭിക്കും. ആകെ 146 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. അഞ്ച് ടീമുകളിലുമായി 27 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ താരങ്ങളായ ജി കമലിനി, സ്‌നേഹ് റാണ, സുഷമ വര്‍മ്മ എന്നിവരും ഓസ്ട്രേലിയന്‍ താരങ്ങളായ ഗ്രേസ് ഹാരിസ്, ജെസ് ജോനാസന്‍, സോഫി മോളിനക്‌സ് എന്നിവരുമാണ് ലേലത്തില്‍ പ്രധാനമായും ശ്രദ്ധയാകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രമുഖര്‍.

ലേലത്തില്‍ ഏറ്റവും സജീവമായി പങ്കെടുക്കുക യുപി വാരിയേഴ്‌സ് ആയിരിക്കും. 8 ഒഴിവുകള്‍ നികത്താനുള്ള അവര്‍ക്ക് 3.75 കോടി രൂപയുടെ പേഴ്സ് ബാക്കിയുണ്ട്. മുംബൈ ഇന്ത്യന്‍സിന് 6 ഒഴിവുകളുണ്ടെങ്കിലും അവരുടെ കൈവശം 90 ലക്ഷം രൂപ മാത്രമാണുള്ളത്. കഴിഞ്ഞ സീസണിലെ പ്ലേഓഫിലേക്ക് യോഗ്യത നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ് എന്നീ മൂന്ന് ടീമുകള്‍ തങ്ങളുടെ പ്രധാന നിരയെ നിലനിര്‍ത്തിയതിനാല്‍ ഏതാനും ചില ഒഴിവുകള്‍ മാത്രമേ നികത്തേണ്ടതുള്ളൂ.

നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിക്ക് തങ്ങളുടെ പ്രധാന ഓള്‍റൗണ്ടര്‍ എലീസ് പെറിയുടെ സേവനം ഈ സീസണില്‍ ലഭ്യമാകും. അതിനാല്‍ മൂന്നാം കിരീടമെന്ന ചരിത്ര നേട്ടത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്ന പ്രാദേശിക ബാക്കപ്പ് കളിക്കാരെ കണ്ടെത്താനായിരിക്കും അവര്‍ ശ്രമിക്കുക. 'ഡബ്ല്യുപിഎല്‍ വലിയൊരു നേട്ടമായി മാറിയിട്ടുണ്ട്. നിരവധി നല്ല കളിക്കാരെ ഇതിലൂടെ കണ്ടെത്താന്‍ നമുക്ക് സാധിച്ചു. എന്നാല്‍ ഇനി അവരെ മുന്നോട്ട് കൊണ്ടുപോകുന്നതും വലിയ മാച്ച് വിന്നര്‍മാരാക്കി മാറ്റുന്നതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും ആവേശകരമായ കഴിവുള്ള കളിക്കാര്‍ ഇപ്പോള്‍ ഞങ്ങളുടെ ടീമിലുണ്ട്. 19-നും 24-നും ഇടയില്‍ പ്രായമുള്ള എട്ടോ ഒമ്പതോ പേര്‍ ഞങ്ങളുടെ ടീമിലുണ്ട്, അത് വളരെ ആവേശം നല്‍കുന്ന കാര്യമാണ്. ഇന്ത്യ എ പരമ്പരയിലുടനീളം അവര്‍ മികച്ച ക്രിക്കറ്റ് കളിച്ചു. ഞങ്ങള്‍ ഇതെല്ലാം നിരീക്ഷിച്ചിരുന്നു. അതിനാല്‍ ഇനി അവരെ മുന്നോട്ട് നയിക്കുകയും ഇന്ത്യന്‍ ടീമിനായി മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം' -സ്മൃതി മന്ദാന പറഞ്ഞു.

ഡബ്ല്യുപിഎല്ലിന്റെ അഞ്ചാം പതിപ്പ് ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് നടക്കുന്നത്. നാല് തവണ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, യുപി വാരിയേഴ്‌സ് എന്നിവര്‍ തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിടുമ്പോള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തങ്ങളുടെ മൂന്നാം കിരീടത്തിനായി സ്‌ക്വാഡുകളെ ശക്തമാക്കാനുള്ള പോരാട്ടത്തിലാണ് കൊച്ചിയില്‍ ലേലത്തിനിറങ്ങുന്നത്.

content highlights: Women's Premier League (WPL) Player Auction Held in Kochi Today

To advertise here,contact us