മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായുള്ള കാലഘട്ടത്തെക്കുറിച്ചുള്ള കടുപ്പമേറിയ ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. ചാപ്പല്‍ ഇന്ത്യന്‍ ടീമിനെ ഭിന്നിപ്പിക്കുകയും കളിക്കാരെ തമ്മിലടിപ്പിക്കുകയും ചെയ്തുവെന്ന് ഹര്ഭജന് ആരോപിച്ചു. 2005 മുതല്‍ 2007 വരെയുള്ള ചാപ്പലിന്റെ പരിശീലക കാലയളവ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും തര്‍ക്കവിഷയമായ ഘട്ടങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ചാപ്പലിന്റെ തന്ത്രങ്ങളും വ്യക്തിപരമായ സമീപനങ്ങളും അക്കാലത്ത് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ ഐക്യത്തെ തകര്‍ത്തു കളഞ്ഞുവെന്ന് ഹര്ഭജന് തുറന്നടിച്ചു. 'ഗ്രെഗ് ചാപ്പല്‍ ടീമില്‍ വലിയ രീതിയിലുള്ള ഭിന്നത ഉണ്ടാക്കി. അദ്ദേഹം കളിക്കാരെ തമ്മിലടിപ്പിക്കുകയും ഡ്രസ്സിംഗ് റൂമിലെ നല്ല അന്തരീക്ഷം പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നേറേണ്ട സമയത്ത്, ടീമിനുള്ളില്‍ അവിശ്വാസവും സംശയങ്ങളും വളര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്' -ഹര്ഭജന് പറഞ്ഞു.
മുതിര്‍ന്ന കളിക്കാരെയും യുവതാരങ്ങളെയും വേര്‍തിരിക്കാനും, അന്നത്തെ നായകന് സൗരവ് ഗാംഗുലിയുമായി തുറന്ന പോരിലേക്ക് നീങ്ങാനും ചാപ്പല്‍ കാണിച്ച സമീപനം ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഹര്ഭജന് ചൂണ്ടിക്കാട്ടി. 2007-ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതിന് പിന്നിലെ പ്രധാന കാരണം ഈ തകര്ച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാപ്പലിന്റെ കാലഘട്ടം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു പാഠമായിരുന്നുവെന്നും, അതിനുശേഷമാണ് ടീം കെട്ടുറപ്പോടെ തിരിച്ചുവന്ന് 2007-ലെ ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയതെന്നും ഹര്ഭജന് വ്യക്തമാക്കി.
content highlights: 'Greg Chappell Divided Players and Created Internal Rifts': Harbhajan Singh Lashes Out