വിരാട് കോഹ്ലിയും രോഹിത് ശര്‍മയും 2027 ലോകകപ്പില്‍ കളിക്കുമോ? ചര്‍ച്ച സജീവം

പ്രമുഖ താരങ്ങള്‍ കളിക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍ വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് രംഗത്ത്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും 2027 ലോകകപ്പില്‍ കളിക്കുമോ എന്ന് തീരുമാനിക്കുന്നതില്‍ പ്രായം ഒരു തടസ്സമാകില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമിലെ ഇവരുടെ സ്ഥാനത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കവേ, ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് ഇരു ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്കും നല്‍കിയ വ്യക്തമായ സന്ദേശമിതാണ്. കായികക്ഷമത നിലനിര്‍ത്തുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നിടത്തോളം കാലം ഈ രണ്ട് പരിചയസമ്പന്നരായ താരങ്ങളും ടീമില്‍ തുടരുമെന്ന് ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി.

'എന്റെ വീക്ഷണത്തില്‍, സെലക്ഷനുള്ള മാനദണ്ഡം കായികക്ഷമതയും പ്രകടനവുമായിരിക്കണം, തീര്‍ച്ചയായും പ്രായമാകരുത്. ഒരാള്‍ കളിക്കാന്‍ ഫിറ്റാണെങ്കില്‍, മികച്ച പ്രകടനം നടത്തുകയും രാജ്യത്തിനായി മത്സരങ്ങള്‍ ജയിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, അത് മാത്രമായിരിക്കണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരേയൊരു മാനദണ്ഡം' -മന്‍ഹാസ് പറഞ്ഞു.

ഏകദിന മത്സരങ്ങളില്‍ വിരാട് കോഹ്ലി തകര്‍പ്പന്‍ ഫോമിലാണ് തുടരുന്നത്. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 139 റണ്‍സ് ഉള്‍പ്പെടെ, താന്‍ കളിച്ച അവസാന അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 76.75 ശരാശരിയില്‍ 307 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. അതേസമയം, രോഹിത് ശര്‍മ്മ തന്റെ ബാറ്റിംഗ് ഫോം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ഇംഗ്ലണ്ടിനെതിരെ നേടിയ 138 റണ്‍സ് ഉള്‍പ്പെടെ രണ്ട് സെഞ്ചുറികളാണ് അദ്ദേഹം നേടിയത്. അവസാന അഞ്ച് ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്ന് 77.80 ശരാശരിയില്‍ 389 റണ്‍സ് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

വിരാടിന്റെയും രോഹിതിന്റെയും സാന്നിധ്യം യുവ നായകന്‍ ശുഭ്മന്‍ ഗില്ലിന് തന്റെ നേതൃപാടവം കൂടുതല്‍ വികസിപ്പിക്കാന്‍ എങ്ങനെ സഹായിക്കുമെന്നും മന്‍ഹാസ് എടുത്തുപറഞ്ഞു. 'ഇന്ത്യയെ നയിക്കുന്നതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി രണ്ടുമൂന്ന് വര്‍ഷത്തെ പരിചയം ശുഭ്മനുണ്ട്. അദ്ദേഹം തന്റെ ലോകകപ്പ് ദൗത്യം ആരംഭിക്കുമ്പോള്‍ ആ അനുഭവം ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുന്നു. വിരാടും ഹാര്‍ദിക്കും രോഹിതും ടീമിലുള്ളത് തീര്‍ച്ചയായും അദ്ദേഹത്തെ സഹായിക്കും. കൂടാതെ ജസ്പ്രീത് ബുംറയെപ്പോലുള്ളവര്‍ ബൗളിംഗ് ക്യാപ്റ്റനായി ചുമതലയേറ്റെടുക്കാം, മറ്റൊരാള്‍ ഫീല്‍ഡിംഗ് യൂണിറ്റിനെ നയിക്കാം. അതിനാല്‍ ജോലിഭാരം വിഭജിച്ചു നല്‍കുന്നതിലാണ് കാര്യം. കാര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്ന് കാണുന്നത് കൗതുകകരമായിരിക്കും. എന്നാല്‍ ശുഭ്മന്‍ ശാന്തനായ ഒരു വ്യക്തിയാണ്, മുതിര്‍ന്ന താരങ്ങള്‍ കൂടെയുണ്ടാകുന്നത് അദ്ദേഹത്തിന് വലിയൊരു നേട്ടമായിരിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: Will Virat Kohli and Rohit Sharma Play the 2027 ODI World Cup? Debates Intensify

To advertise here,contact us