മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനായ ബംഗാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സംഭവം. ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നീ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി 'കില്‍, മാരി, ഹുക്കപ്പ്' എന്ന വിനോദ ഗെയിം കളിക്കാന്‍ അനായയോട് ആവശ്യപ്പെടുകയായിരുന്നു. 'ശ്രേയസ് അയ്യരെ കൊല്ലാം, അഭിഷേക് ശര്‍മ്മയെ വിവാഹം കഴിക്കാം, ശുഭ്മന്‍ ഗില്ലുമായി ഹുക്കപ്പ് ചെയ്യാം' എന്നായിരുന്നു അനായ മറുപടി നല്‍കിയത്.
2022-ല്‍ ആരംഭിച്ച ലിംഗമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കി, ഈ വര്‍ഷം മാര്‍ച്ചില്‍ ജെന്‍ഡര്‍-അഫര്മിംഗ് സര്‍ജറിക്ക് വിധേയയാകുന്നതിന് മുന്‍പ് അനായ മുംബൈക്കായി ഏജ് ഗ്രൂപ്പ് പുരുഷ ക്രിക്കറ്റില്‍ കളിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ക്രിക്കറ്റ് കരിയര്‍ പുനരാരംഭിക്കുന്നതിനായി ഓസ്ട്രേലിയയിലേക്ക് മാറാന്‍ പദ്ധതിയിടുന്ന അനായ, ട്രാന്‍സ്ജെന്‍ഡര്‍ കളിക്കാര്‍ക്ക് വനിതാ ക്രിക്കറ്റില്‍ മത്സരിക്കാന്‍ അവസരമൊരുക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയം മാതൃകയാക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
'ഓസ്ട്രേലിയ ചെയ്തത് ബിസിസിഐ പിന്തുടരുകയാണെങ്കില് അത് വളരെ മികച്ചൊരു കാര്യമായിരിക്കും' -അനായ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെക്കുറിച്ച് അനായ കൂട്ടിച്ചേര്‍ത്തു: 'ഞാന്‍ അനുഭവിച്ചത് എന്താണെന്ന് അവര്‍ അനുഭവിച്ചറിഞ്ഞിട്ടില്ല' ട്രാന്‍സ്ജെന്‍ഡര്‍ ക്രിക്കറ്റര്‍മാര്‍ കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത ചരിത്രപരമായ തീരുമാനം വലിയ ചര്‍ച്ചയാവുകയും, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ മരിസാനെ കാപ്പ് ഈ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'ഇത് തികച്ചും അസംബന്ധമാണ്, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല!' -കാപ്പ് കുറിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ വിമര്‍ശിച്ചുള്ള കാപ്പിന്റെ പരാമര്‍ശങ്ങളില്‍ പ്രകോപിതയാകാതെ, വിപുലമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇതിനുള്ള വഴിയൊരുങ്ങിയതെന്ന് വ്യക്തമാക്കി അനായ ദക്ഷിണാഫ്രിക്കന്‍ താരത്തിന് മറുപടി നല്കി.
'അവര്‍ ഏത് സാഹചര്യത്തില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അനധികൃത ആനുകൂല്യം ലഭിക്കുന്നുവെന്ന പോയിന്റിന് മറുപടിയായി: മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ചെയ്ത് ഒരു വര്‍ഷത്തിനുശേഷം എന്റെ ശരീരത്തിന്റെ കായികക്ഷമതയെക്കുറിച്ച് അവര്‍ 12 ആഴ്ച നീണ്ടുനിന്ന പരിശോധന നടത്തിയിരുന്നു. എന്റെ ശാരീരിക അളവുകള്‍ സാധാരണ വനിതാ കായികതാരങ്ങളുടെ പരിധിക്കുള്ളില്‍ തന്നെയാണെന്ന് ആ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്' -അനായ പറഞ്ഞു.
പ്രൊഫഷണല്‍ വനിതാ ക്രിക്കറ്റിലേക്ക് തിരികെയെത്തുമ്പോള്‍ തനിക്ക് അനാവശ്യമായ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അനായ ഊന്നിപ്പറഞ്ഞു. 'അതിനാല്‍, അനധികൃത ആനുകൂല്യത്തിന്റെ കാര്യത്തില്‍ എന്റെ വാദത്തിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. അതിനുപുറമെ, ക്രിക്കറ്റ് ഓസ്ട്രേലിയ വനിതാ കായികരംഗത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിനും തുല്യതയ്ക്കുമായി വ്യക്തമായ നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിലവില്‍ പാലിക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ എന്റെ ശരീരം ഇനി ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. എന്റെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 0.6 നാനോമോള്‍ മാത്രമാണ്. ഇതുമൂലം എനിക്ക് അസ്ഥികളുടെ സാന്ദ്രത കുറയുന്നതായി അനുഭവപ്പെടുന്നുണ്ട്; അസ്ഥികളില്‍ വേദന അനുഭവപ്പെടാറുണ്ട്. എന്റെ മസിലുകളുടെ അളവ് കുറയുന്നതായും സ്റ്റാമിന കുറയുന്നതായും എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്. മുന്‍പ് ചെയ്തിരുന്നതുപോലെ എനിക്ക് ഇപ്പോള്‍ വ്യായാമം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, നിയമങ്ങളും നയങ്ങളും രൂപീകരിക്കുമ്പോള്‍ അത് ഓരോ വ്യക്തിയുടെയും സാഹചര്യം പരിശോധിച്ചുകൊണ്ട് വേണം തീരുമാനിക്കാന്‍, കാരണം എല്ലാ ട്രാന്‍സ് വനിതകള്‍ക്കും അനധികൃത ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല' -അനായ വ്യക്തമാക്കി.
content highlights: 'Kill Shreyas, Marry Abhishek, Hookup with Gill': Anaya Bangar's Viral Social Media Video