ശ്രീ ചരണിയെ കാത്തിരിക്കുന്നത് റെക്കോഡ് നേട്ടം, ഇന്ത്യ-സിംബാബ്വേ മത്സരം നാളെ

വെറും 3 വിക്കറ്റുകള്‍ മാത്രം നേടിയാല്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരണിയെ കാത്തിരിക്കുന്നത് റെക്കോഡ്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 ട്വന്റി-20 വിക്കറ്റുകള്‍ നേടുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ ക്രിക്കറ്റ് താരമാകാന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീ ചരണിക്ക് ഇനി വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം മതി. റായ്പൂരില്‍ വ്യാഴാഴ്ച സിംബാബ്വെയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടത്തിലൂടെ സ്മൃതി മന്ദാന ഇന്ത്യയുടെ പൂര്‍ണസമയ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുമ്പോള്‍, തന്റെ മികച്ച പ്രകടനം തുടരാനാവും ചരണി ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ഇതുവരെ കളിച്ച 23 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 10.42 ശരാശരിയിലും 5.67 ഇക്കോണമി റേറ്റിലും 47 വിക്കറ്റുകള്‍ ചരണി നേടിയിട്ടുണ്ട്. 10 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് ഈ വര്‍ഷത്തെ മികച്ച പ്രകടനം. നിലവില്‍ ഈ ഫോര്‍മാറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ചരണിയാണ്.

തായ്‌ലന്‍ഡിന്റെ തിപാച്ച പുത്തവോങ് (2025-ല്‍ 27 ട്വന്റി-20കളില്‍ നിന്ന് 56 വിക്കറ്റുകള്‍), റുവാണ്ടയുടെ ഹെന്റിയറ്റ് ഇഷിംവെ (2024-ല്‍ 33 ട്വന്റി-20കളില്‍ നിന്ന് 50 വിക്കറ്റുകള്‍) എന്നിവര്‍ മാത്രമാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 ട്വന്റി-20 വിക്കറ്റുകള്‍ നേടിയിട്ടുള്ള മറ്റ് രണ്ട് കളിക്കാര്‍. ചരണി മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 ട്വന്റി-20 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നുള്ള ആദ്യ ക്രിക്കറ്റ് താരവുമായി മാറും.

തന്റെ കരിയറിലെ 33 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 12.56 ശരാശരിയിലും 6.32 ഇക്കോണമിയിലും 62 വിക്കറ്റുകള്‍ ചരണി നേടിയിട്ടുണ്ട്. 10 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായതാണ് ചരണിയുടെ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം; ലോകകപ്പിലെ 5 മത്സരങ്ങളില്‍ നിന്ന് 8.35 ശരാശരിയിലും 5.85 ഇക്കോണമി റേറ്റിലും 14 വിക്കറ്റുകളാണ് താരം കൊയ്തത് (മികച്ച പ്രകടനം 19 റണ്‍സിന് 4 വിക്കറ്റ്).

content highlights: Sri Charani Eyes Historic Record as India Face Zimbabwe Tomorrow

To advertise here,contact us