രഞ്ജി ട്രോഫി; ജാര്‍ഖണ്ഡിനെതിരെ കേരളം ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍

അഭിഷേക് പി. നായര്‍ക്ക് സെഞ്ചുറി, ജാര്‍ഖണ്ഡിന് വേണ്ടി ഉത്കര്‍ഷ് സിങ് മൂന്നും മുഹമ്മദ് കുനൈന്‍ ഖുറേഷി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 224 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനില്‍ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഓപ്പണര്‍ അഭിഷേക് പി. നായരുടെ സെഞ്ചുറിയാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ത്തിയത്.

ഇന്നിങ്‌സ് തുറന്ന രോഹന്‍ കുന്നുമ്മലും അഭിഷേക് പി. നായരും ചേര്‍ന്ന് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. രോഹന്‍ പതിവ് ശൈലിയില്‍ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ കരുതലോടെയുള്ള തുടക്കമായിരുന്നു അഭിഷേകന്റേത്. സ്‌കോര്‍ 83ല്‍ നില്‍ക്കെ രോഹന്‍ മടങ്ങി. ഉത്കര്‍ഷ് സിങ്ങിന്റെ പന്തില്‍ സുഷാന്ത് മിശ്ര ക്യാച്ചെടുത്താണ് 44 റണ്‍സെടുത്ത രോഹന്‍പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അഭിഷേകും ചേര്‍ന്ന് 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ അഭിഷേക് രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കി. ആദിത്യ സിങ്ങിനെ സിക്‌സര്‍ പറത്തിയാണ് അഭിഷേക് നൂറിലെത്തിയത്.

സ്‌കോര്‍ 204ല്‍ നില്‍ക്കെ 35 റണ്‍സെടുത്ത സച്ചിന്‍ ബേബി പുറത്തായി. ഉത്കര്‍ഷ് സിങ്ങിന്റെ പന്തില്‍ റോബിന്‍ മിന്‍സിന് ക്യാച്ച് നല്‍കിയായിരുന്നു സച്ചിന്റെ മടക്കം. തുടര്‍ന്ന് അവസാന സെഷനില്‍ നാല് വിക്കറ്റുകള്‍ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. 126 റണ്‍സെടുത്ത അഭിഷേക് പി. നായരെ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് മനീഷി പുറത്താക്കിയത്. പത്ത് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്.

തൊട്ടുപിറകെ ഒരേ ഓവറില്‍ തുടരെയുള്ള പന്തുകളില്‍ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി. 15 റണ്‍സെടുത്ത വിഷ്ണു വിനോദ് മുഹമ്മദ് കുനൈന്‍ ഖുറേഷിയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ കുടുങ്ങിയപ്പോള്‍, തൊട്ടടുത്ത പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ച് നല്‍കി മടങ്ങി. ജലജ് സക്‌സേന ഏഴ് റണ്‍സെടുത്ത് പുറത്തായി. കളി നിര്‍ത്തുമ്പോള്‍ 17 റണ്‍സോടെ സല്‍മാന്‍ നിസാറും 13 റണ്‍സോടെ ആദിത്യ സര്‍വാടെയുമാണ് ക്രീസില്‍. ജാര്‍ഖണ്ഡിന് വേണ്ടി ഉത്കര്‍ഷ് സിങ് മൂന്നും മുഹമ്മദ് കുനൈന്‍ ഖുറേഷി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

content highlights: Ranji Trophy: Kerala 269/6 Against Jharkhand

To advertise here,contact us