ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നേതൃമാറ്റത്തിനു പിന്നാലെ ഡ്രസ്സിങ് റൂമിലെ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ബിസിസിഐ റിവ്യൂ യോഗത്തിന് ശേഷമായിരുന്നു ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റിലെയും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്.
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഹെഡ് കോച്ച് അമോൽ മജുംദാറും പങ്കെടുത്ത യോഗത്തിൽ ഒരു ഫോർമാറ്റിൽ ക്യാപ്റ്റനായി തുടരാൻ ബിസിസിഐ ഹർമൻപ്രീതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഹർമൻ നിരസിക്കുകയായിരുന്നു എന്നാണ് വിവരം.
ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് യോഗത്തിൽ ബിസിസിഐ വ്യക്തമാക്കിയതോടെ ഹർമൻപ്രീത് സ്വയം രാജിവെക്കുകയായിരുന്നു. ഇതോടെ സ്മൃതി മന്ദാന ഇന്ത്യയുടെ ക്യാപ്റ്റനാകും.
അതേസമയം ക്യാപ്റ്റൻസി വിഷയത്തെച്ചൊല്ലി ഹർമൻപ്രീതും സ്മൃതിയും തമ്മിൽ അഭിപ്രായവ്യത്യാസത്തിലായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഒരു കാലത്ത് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നേർക്കുനേർ സംസാരിക്കാറില്ലായിരുന്നുവെന്നും, ഇത് ഡ്രസ്സിങ് റൂമിൽ വലിയ അസ്വസ്ഥതയ്ക്കും ഭിന്നതയ്ക്കും വഴിവെച്ചതായും ടീം വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ ഇന്ത്യ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചെങ്കിലും, ക്യാപ്റ്റൻസിയിൽ മാറ്റമില്ലാതെ തുടർന്നതിൽ സ്മൃതി മന്ദാനയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
content highlights : harmanpreet kaur resignation smriti mandhana captaincy dressing room rift report