ബോളിവുഡ് താരം അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഇന്ത്യ വിട്ട് ലണ്ടനിലേക്ക് താമസം മാറ്റാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി നടി മാധുരി ദീക്ഷിതിന്റെ ഭര്‍ത്താവും ഡോക്ടറുമായ ശ്രീറാം നേനെ. ഒരു അഭിമുഖത്തിനിടെ അനുഷ്ക ശര്‍മയുമായി നടത്തിയ സംഭാഷണം ഓര്‍ത്തെടുത്താണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ അതിരുകടന്ന ജനശ്രദ്ധ ലഭിക്കുന്നത് കാരണം സാധാരണ ജീവിതം നയിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നില്ലെന്ന് ഡോ. നേനെ പറഞ്ഞു. 'അനുഷ്കയുമായി സംസാരിച്ചപ്പോള്‍ വളരെ കൗതുകകരമായ കാര്യമാണ് മനസ്സിലായത്. ഇന്ത്യയില്‍ സ്വന്തം വിജയം ആസ്വദിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ ലണ്ടനിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അവര്‍ എന്തൊരു കാര്യം ചെയ്താലും വലിയ ശ്രദ്ധ ആകര്‍ഷിക്കും. അത് ആളുകളെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് നയിക്കും' -അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണശാലകളില്‍ ഇരിക്കുമ്പോള്‍ പോലുമുള്ള ആളുകളുടെ നിരന്തരമായ ഇടപെടലുകളും സെല്‍ഫി അഭ്യര്‍ത്ഥനകളും വ്യക്തിജീവിതത്തെ ബാധിക്കാറുണ്ടെന്ന് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനുഷ്കയും വിരാടും വളരെ നല്ല മനുഷ്യരാണെന്നും, തങ്ങളുടെ മക്കള്‍ക്ക് (വാമിക, അകായ്) സാധാരണ കുട്ടികളെപ്പോലെ സമാധാനപരമായ അന്തരീക്ഷത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഡോ. നേനെ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി ലണ്ടനിലാണ് അനുഷ്കയും വിരാടും ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത്. മാധ്യമ ശ്രദ്ധയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അകന്ന് ശാന്തമായ കുടുംബജീവിതം നയിക്കാന്‍ ലണ്ടനിലെ ജീവിതം ഇരുവരെയും സഹായിക്കുന്നുണ്ട്.
content highlights: "Can't Enjoy Normal Life in India": Real Reason Behind Virat Kohli's Move to London