കാഴ്ച പരിമിതരുടെ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി കേരളം

ചാമ്പ്യന്‍ഷിപ്പിലുടനീളം കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ പാര്‍ഷ്യലി സൈറ്റഡ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ജേതാക്കളായി. ഫൈനലില്‍ ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ദേശീയ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അടല്‍ ബിഹാരി വാജ്‌പേയി ട്രെയിനിങ് സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്‌പോര്‍ട്‌സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലുടനീളം കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേരളത്തിന്റെ സ്‌നേഹിത് എസ്. കുമാര്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായും മുഹമ്മദ് ഷുഹൈബ് ടി. മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌നേഹിത് എസ്. കുമാര്‍, അഹദ് പി., മുഹമ്മദ് ഷുഹൈബ് ടി. (ഗോള്‍കീപ്പര്‍) എന്നിവര്‍ക്ക് ഇന്ത്യന്‍ ദേശീയ ടീം സെലക്ഷന്‍ ക്യാമ്പിലേക്കും തിരഞ്ഞെടുപ്പ് ലഭിച്ചു.

കേരളത്തിലെ കാഴ്ചപരിമിതരായ കായികതാരങ്ങളുടെ കായികവികസനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തിലാണ് ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്താണ് KBFF പ്രവര്‍ത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും കഠിനാധ്വാനവും ആത്മസമര്‍പ്പണവുംകൊണ്ട് ദേശീയതലത്തില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ടീമിനെയും കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായി ആദരിക്കണമെന്ന് കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു. കാഴ്ചപരിമിതരായ കായികതാരങ്ങള്‍ക്ക് കൂടുതല്‍ പരിശീലനസൗകര്യങ്ങളും സാമ്പത്തികസഹായവും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാവശ്യമായ പിന്തുണയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

content highlights: Kerala Retains National Blind Football Championship Title with Dominant Final Win

To advertise here,contact us