'മുഖ്യപരിശീലകന്‍ വൈകില്ല, കണ്ടെത്താന്‍ ധൃതിയില്ല'; ചെന്നൈയുടെ കോച്ച് എന്നുവരും

പുതിയ മുഖ്യപരിശീലകനെ കണ്ടെത്താന്‍ ധൃതിയില്ലെന്ന് സിഎസ്‌കെ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്

സ്റ്റീഫന്‍ ഫ്‌ലെമിങ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ മുഖ്യപരിശീലകനെ നിയമിക്കുമെന്നും എന്നാല്‍ അടുത്ത ഐപിഎല്‍ സീസണിന് ഇനി ഏറെ സമയമുള്ളതിനാല്‍ തീരുമാനം എടുക്കാന്‍ ധൃതിയില്ലെന്നും നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. കഴിഞ്ഞ ജൂലൈയിലാണ് സിഎസ്‌കെയും ഫ്‌ലെമിങ്ങും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും ദീര്‍ഘകാലം നീണ്ടുനിന്നതുമായ പരിശീലക-ക്ലബ് ബന്ധങ്ങളിലൊന്നിനാണ് ഇതോടെ തിരശ്ശീല വീണത്. 2008-ലെ ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ കളിക്കാരനായി എത്തിയ ഫ്‌ലെമിങ്, 2009 മുതലാണ് ചെന്നൈയുടെ മുഖ്യപരിശീലകനാകുന്നത്. കഴിഞ്ഞ 17 വര്‍ഷത്തെ കൂട്ടുകെട്ടിലൂടെ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി സിഎസ്‌കെയെ മാറ്റാന്‍ ഫ്‌ലെമിങ്ങിന് സാധിച്ചു.

'ഞങ്ങള്‍ക്ക് ഒരു പുതിയ ഹെഡ് കോച്ച് ഉണ്ടാകും. മാനേജ്മെന്റ് തീര്‍ച്ചയായും അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഐപിഎല്ലിന് ഇനിയും ധാരാളം സമയമുള്ളതിനാല്‍ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ട ആവശ്യമില്ല' -വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഗെയ്ക്വാദ് പറഞ്ഞു. മുന്‍ നായകന്‍ എംഎസ് ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്തതോടെ വലിയ പ്രതീക്ഷകളുടെ ഭാരം വന്നുചേര്‍ന്നെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായതായി ഋതുരാജ് സമ്മതിച്ചു. കളി ആസ്വദിക്കുന്നിടത്തോളം കാലം ഈ ചുമതല സന്തോഷത്തോടെ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'എംഎസ് ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. അദ്ദേഹത്തിന്റെ അപാരമായ വിജയങ്ങള്‍ കാരണം കൂടുതല്‍ വിജയങ്ങളും കിരീടങ്ങളും വേണമെന്ന ഉയര്‍ന്ന പ്രതീക്ഷകള്‍ സ്വാഭാവികമായും ഉണ്ടാകും. എന്നാല്‍ അത് ഈ സ്ഥാനത്തിന്റെ ഭാഗമാണ്. എനിക്ക് ഇത് ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ ഇതില്‍ സന്തോഷവാനാണ്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 മുതലുള്ള സിഎസ്‌കെയുടെ മികച്ച യാത്രയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഗെയ്ക്വാദ്, ടീം ഇപ്പോള്‍ ഒരു പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി. വിജയ സമയങ്ങളില്‍ പിന്തുണച്ചതുപോലെ തിരിച്ചടികളുടെ ഈ കാലഘട്ടത്തിലും ആരാധകര്‍ ടീമിനൊപ്പം ഉറച്ചുനില്‍ക്കണമെന്നും ക്ഷമ കാണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചെന്നൈ തങ്ങളുടെ കോച്ചായി രാഹുല്‍ ദ്രാവിഡ്, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: "No Rush, But Announcement Soon": Chennai super kings on New Head Coach Appointment

To advertise here,contact us