മുന്‍ പാകിസ്താന് ക്രിക്കറ്റ് ടീം നായകനും പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് യുകെയിലെ പ്രമുഖ ചാനലായ സ്കൈ സ്പോര്‍ട്സിനെ തടയാന്‍ ശ്രമിച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. അഭിമുഖം സംപ്രേഷണം ചെയ്താല്‍ ലഞ്ചിന് ശേഷം കളിക്കാര്‍ മൈതാനത്തിറങ്ങില്ലെന്ന് പിസിബി ഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ അഥര്‍ട്ടണ്‍ ലണ്ടനിലെ ലോര്‍ഡ്സില്‍ വെച്ചാണ് ഇമ്രാന് ഖാന്റെ മക്കളായ സുലൈമാന്‍, കാസിം എന്നിവരുമായി 18 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം ചിത്രീകരിച്ചത്. മൂന്ന് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹത്തിനെതിരെ നടക്കുന്ന അനീതികളെക്കുറിച്ചും മക്കള്‍ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി നിലവില്‍ പാകിസ്താന്റെ ആഭ്യന്തര മന്ത്രി കൂടിയാണ്. എന്നാല്‍ പിസിബിയുടെയും പാകിസ്താന് സര്‍ക്കാരിന്റെയും എതിര്‍പ്പുകളും ഭീഷണികളും വകവെക്കാതെ സ്കൈ സ്പോര്‍ട്സ് ഉച്ചഭക്ഷണ ഇടവേളയില്‍ ഈ അഭിമുഖം സംപ്രേഷണം ചെയ്തു. എന്നാല്‍ പാകിസ്താനിലെ ഔദ്യോഗിക സംപ്രേഷകരായ പിടിവി ഈ അഭിമുഖം ഒഴിവാക്കുകയായിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്തെങ്കിലും, മൈതാനത്തിറങ്ങില്ലെന്ന ഭീഷണി മാറ്റിനിര്‍ത്തി പാകിസ്താന് ടീം കൃത്യസമയത്ത് തന്നെ മത്സരം പുനരാരംഭിക്കാന്‍ കളത്തിലിറങ്ങി. രാഷ്ട്രീയ കാരണങ്ങളാല്‍ മത്സരങ്ങള്‍ ബഹിഷ്കരിക്കുന്നത് ഒഴിവാക്കാന്‍ പിസിബി അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.
അഭിമുഖം പുറത്തുവരുന്നത് പാക് ക്രിക്കറ്റ് ടീം തടയുന്നതെന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. മത്സരം ബഹിഷ്കരിക്കും എന്നതടക്കമുള്ള ഭീഷണി മുഴക്കുന്നതിന് പിന്നിലുള്ള കാരണമെന്താണെന്ന അന്വേഷണത്തിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിനപ്പുറം രാഷ്ട്രീയമായും ഏറെ മാനങ്ങളുള്ള വിഷയമായതിനാലാണ് പിസിബി ഇത്തരമൊരു കര്‍ശനനിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍. ഇമ്രാന് ഖാന്റെ ജയില്‍വാസം, നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങിയ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരാനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് നടപടി. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ടെസ്റ്റിനിടെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയേക്കാമെന്നും പിസിബി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ജയിലില്‍വെച്ച് ഇമ്രാന് ഖാനെ കൊല്ലാനാണ് ശ്രമിക്കുന്നതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നുണ്ട്. 'അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, അദ്ദേഹത്തെ അവിടെ വെച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കഴിയുന്നത്ര കാലം അകത്ത് കിടത്തുക, അദ്ദേഹത്തെ നിശബ്ദനാക്കുക. അദ്ദേഹം ഞങ്ങളുടെ അമ്മായിമാരോടും മറ്റുള്ളവരോടും അവസാനമായി സംസാരിച്ചപ്പോള്‍, സാഹചര്യങ്ങള്‍ വഷളായതായാണ് പറഞ്ഞത്. ജയിലില്‍ കൊല്ലപ്പെട്ടതോ മരിച്ചതോ ആയ മറ്റ് രാഷ്ട്രീയ തടവുകാരെക്കുറിച്ചാണ് സംസാരിച്ചത്. ഇപ്പോള്‍, സ്ഥിതി എന്നത്തേക്കാളും മോശമാണ്. ഒരു ദിവസം 23 മണിക്കൂറിലധികം ഒരു സെല്ലില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തിയിരിക്കുന്നു'-കാസിം അഭിമുഖത്തില്‍ പറഞ്ഞു. 'ഇപ്പോള്‍ കൃത്യമായ ചികിത്സ ലഭിക്കേണ്ടത് വളരെ നിര്‍ണായകമാണ്. കണ്ണിന്റെ പ്രശ്നത്തിന് അദ്ദേഹം ഒരു ഐ പാച്ച് ധരിച്ചിരുന്നു. ഇപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുള്ളയാളായാണ് കാണുന്നത്. തോക്കിന്മുനയില് നില്‍ക്കേണ്ടി വന്നപ്പോഴും ഞാന്‍ കണ്ടിട്ടുള്ളപ്പോഴെല്ലാം വളരെ ശാന്തനായിരുന്നു അദ്ദേഹം. മുന്‍പ് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊള്ളയടിക്കപ്പെട്ട ഘട്ടത്തില്‍ പോലും കൂട്ടത്തില്‍ ഏറ്റവും ശാന്തനായിരുന്നത് അദ്ദേഹമായിരുന്നു'- കാസിം കൂട്ടിച്ചേര്‍ത്തു.
ഇമ്രാന് ഖാന്റെ ചികിത്സയെ സംബന്ധിച്ച് മറ്റൊരു മകനായ സുലൈമാന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, കുറച്ച് മണിക്കൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഫെസിലിറ്റിയിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് നേരെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഞങ്ങള്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു'-സുലൈമാന്‍ പറഞ്ഞു. 'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂര്‍ പരിശോധന മാത്രമാണ് നടത്തിയത്. കുഴപ്പമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും അവര്‍ പറഞ്ഞു. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും ചെയ്യാതെ, അവര്‍ അദ്ദേഹത്തെ നേരെ ജയിലിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്'-സുലൈമാന്‍ അഭിമുഖത്തില്‍ ആരോപിച്ചു. ഇമ്രാന് ഖാന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കരേഖപ്പെടുത്തി ലോകത്തെ പഴയകാല ക്രിക്കറ്റ് താരങ്ങള്‍ പാകിസ്താന് സര്‍ക്കാരിന് കത്തയച്ചിരുന്നു.
content highlights: Pakistan Threatens Walkout Over Sky Sports Interview of Imran Khan’s Sons; What Are They Afraid Of?